Breaking NewsKerala

പുലിയടക്കമുള്ള വന്യമൃഗങ്ങളുള്ളിടത്തേയ്ക്ക് പൊലീസ് ഒരിക്കലും എത്തില്ലെന്ന് കരുതി: കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍ നിന്ന് അതിസാഹസികമായി പിടികൂടി കേരള പൊലീസ്

തൃശൂര്‍: കാട്ടൂരില്‍ രണ്ടു യുവാക്കളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാട്ടൂര്‍ സ്വദേശികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. എടക്കാട്ടുപറമ്പില്‍ ടിന്റു എന്ന പ്രജില്‍ (38 ), പാച്ചാംപ്പിള്ളി വീട്ടില്‍ സികേഷ് (27), എടക്കാട്ടുപറമ്പില്‍ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടില്‍ അരുണ്‍കുമാര്‍ (30) എടക്കാട്ടുപറമ്പില്‍ ദിനക്ക് (22 ) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി സുരേഷും കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ബൈജുവും സംഘവും ഗുണ്ടല്‍പേട്ടിനടുത്ത് ശിവപുരയിലെ ഫാമിനുള്ളില്‍ നിന്ന് പിടികൂടിയത്. അഞ്ച് ദിവസമായി ഇവിടെ ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് സംഘം സാഹസികമായി എത്തി പിടികൂടുകയായിരുന്നു.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതി കാട്ടൂര്‍ പെഞ്ഞനം എസ്.എന്‍.ഡി.പി പള്ളിവേട്ട നഗറില്‍ രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കല്‍ സനൂപ്( 26 ), കാട്ടൂര്‍ വലക്കഴ സ്വദേശി പറയം വളപ്പില്‍ യാസിന്‍ (25) എന്നിവരെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സനൂപിനും യാസിനും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ കടന്നു കളഞ്ഞു.

Signature-ad

പ്രതികള്‍ കേരളം കടന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് കര്‍ണാടകയിലെത്തിയത്. വെള്ളിയാഴ്ച സന്ധ്യയോടെ ഗുണ്ടല്‍പേട്ടിനടുത്ത് ശിവപുരയിലെ ഫാമില്‍ പ്രതികള്‍ ഒളിച്ചു താമസിക്കുകയാണെന്ന വിവരം സ്ഥിരീകരിച്ചു. പുലിയടക്കമുള്ള വന്യമൃഗങ്ങള്‍ ഉള്ള സ്ഥലത്തായിരുന്നു ഒളിസങ്കേതം. ഇവയുടെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. നായ്ക്കളും കാവലുണ്ടായിരുന്നു. കനത്ത മഴയയെ അവഗണിച്ച് മുള്‍ചെടികള്‍ നിറഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലൂടെ നടന്ന് ഏറെ കഷ്ടപ്പെട്ടാണ് പൊലീസ് സംഘം പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തിനുള്ളില്‍ എത്തിയത്.

ഫാമിലേക്ക് നേരിട്ടെത്തുന്ന വഴിയിലൂടെ വന്നാല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യന ഉണ്ടായിരുന്നു. ദൂരെ നിന്ന് അപരിചിതരെ കണ്ടാല്‍ ഓടി ഒളിക്കാന്‍ കുറ്റിക്കാടുകള്‍ നിരവധിയുള്ള സ്ഥലമാണ്. അതുകൊണ്ട് ഫാമിന്റെ പുറകുവശത്തുള്ള മറ്റൊരു ഫാമിന് ഉള്ളിലൂടെ കടന്നാണ് ഇവിടെ എത്തിയത്. ഒരിക്കലും പൊലീസ് ഇവിടേക്ക് അന്വേഷിച്ചെത്തില്ലെന്നാണ് കരുതിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

Back to top button
error: