Breaking NewsLead NewsLIFELife Style

ഇരുവട്ടം മണവാട്ടി! രണ്ടു തവണയും ഒളിച്ചോടി രണ്ടു വട്ടവും രണ്ടാം ഭാര്യപ്പട്ടം; മകളുടെ രൂപസാദൃശ്യം ‘ഹേമാജിയുടെ മാതാജി’യുടെ കണ്ണിലുടക്കി…

ന്ധങ്ങളുടെ നൂലാമാലകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി താരങ്ങളുണ്ട് ബോളിവുഡില്‍. പ്രണയത്തിനും വിവാഹ ജീവിതത്തിനും രണ്ടോ അതിലേറെ തവണയോ അവസരം നല്‍കിയവരുടെ കഥകളാല്‍ സമ്പന്നമാണ് ഇവിടം. രണ്ടു തവണ ഒളിച്ചോടി പോവുകയും, ആ രണ്ടു തവണയും ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാവാന്‍ അവസരം ലഭിച്ചതുമായ ഒരു നടിയുണ്ട് ഇവിടെ. ബോളിവുഡിന്റെ അപ്‌സരസുന്ദരി ഹേമമാലിനിയുടെ അമ്മ വഴി സിനിമാ പ്രവേശം ലഭിച്ച നടി ബിന്ധ്യ ഗോസ്വാമിയുടെ ജീവിതം സിനിമയേക്കാള്‍ വലിയ ട്വിസ്റ്റുകളും ക്‌ളൈമാക്സും ചേര്‍ന്നതാണ്.

എന്നാല്‍, ഹേമമാലിനി എന്നത് പോലെ അത്രകണ്ട് പ്രശസ്തമായ പേരല്ല ബിന്ധ്യ ഗോസ്വാമിയുടേത്. 1970, 1980 കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ ഇടത്തരം വിജയം നേടിയ ചിത്രങ്ങളിലെ നായികയായിരുന്നു അവര്‍. ഗോല്‍മാല്‍, ഷാന്‍, ഖട്ടാ മീത്ത, ദാദാ പോലുള്ള സിനിമകളില്‍ ബിന്ധ്യ നായികയായി. വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രം നീണ്ട സിനിമാ ജീവിതത്തില്‍ ബിന്ധ്യ അമിതാഭ് ബച്ചന്‍, സുനില്‍ ദത്ത്, രാജേഷ് ഖന്ന, ശശി കപൂര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, അമോല്‍ പരീഖര്‍, രാഖി ഗുല്‍സാര്‍, പര്‍വീണ്‍ ബാബി, രേഖ തുടങ്ങിയവരുടെ ഒപ്പം സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. പക്ഷേ, സിനിമാ ജീവിതത്തേക്കാള്‍ വ്യക്തിജീവിതത്തിലാണ് ബിന്ധ്യ ശ്രദ്ധനേടിയത്.

Signature-ad

കണ്ടാല്‍ തന്റെ മകളുമായി മുഖസാദൃശ്യം ഉള്ളതിനാല്‍, ഹേമ മാലിനിയുടെ അമ്മയാണ് ആദ്യമായി ബിന്ധ്യയെ ചലച്ചിത്ര സംവിധായകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തതത്രേ. ‘ജീവന്‍ ജ്യോതി’ എന്ന ആദ്യ സിനിമയില്‍ അവസരം വന്നുചേര്‍ന്നതും ഇങ്ങനെയാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമ വിജയം കണ്ടില്ലെങ്കിലും, ബസു ചാറ്റര്‍ജിയുടെ ഖട്ടാ മീത്ത, പ്രേം വിവാഹ് പോലുള്ള ചിത്രങ്ങള്‍ ബിന്ധ്യക്ക് വിജയം സമ്മാനിച്ചു. ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ഗോല്‍മാല്‍ അവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി.

കരിയര്‍ മികച്ച നിലയില്‍ വരുന്ന വേളയിലാണ് ബിന്ധ്യ നടന്‍ വിനോദ് മെഹ്റയുമായി വിവാഹം ചെയ്യുന്നത്. വിനോദിന്റെ രണ്ടാം ഭാര്യയായിരുന്നു ബിന്ധ്യ, വിവാഹം ചെയ്യാനായി അദ്ദേഹത്തോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. 1980ല്‍ ബിന്ധ്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. ഈ വിവാഹത്തിന് പക്ഷേ കേവലം നാല് വര്‍ഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിനോദ് മെഹ്റയുടെ താര പരിവേഷത്തിനേറ്റ മങ്ങല്‍ വിവാഹബന്ധം പെട്ടെന്ന് അവസാനിക്കാന്‍ കാരണമായി എന്ന് പറയപ്പെടുന്നു. അതോടു കൂടി, ബിന്ധ്യ അദ്ദേഹത്തില്‍ നിന്നും അകന്നു എന്നാണ് വിവരം.

ബിന്ധ്യ പിന്നീട് ചലച്ചിത്ര സംവിധായകന്‍ ജി.പി. ദത്തയുമായി പ്രണയത്തിലായി. തന്നെക്കാള്‍ 13 വയസ് കൂടുതലുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, ആ തീരുമാനത്തില്‍ ബിന്ധ്യ ഉറച്ച നിലപാടെടുത്തു. 1985ല്‍ ഇരു കുടുംബങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച്, അവര്‍ വിവാഹിതരായി. ഇത്തവണയും ഒളിച്ചോടിപ്പോയി മാത്രമേ ബിന്ധ്യക്ക് വിവാഹം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. രണ്ടു വട്ടവും രണ്ടാം ഭാര്യയുടെ ഊഴമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. രണ്ടാമതും വിവാഹം ചെയ്തതോടു കൂടി ബിന്ധ്യ സിനിമയില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചു.

ദത്തയുടെ ജീവിതത്തിലെ എളിമയാണ് അദ്ദേഹത്തെ താനുമായി ചേര്‍ത്തുവച്ചത് എന്ന് ബിന്ധ്യ ഒരിക്കല്‍ പറയുകയുണ്ടായി. ചലച്ചിത്ര സംവിധായകനായിരുന്നപ്പോഴും, ഒറ്റമുറി വീട്ടില്‍ ജീവിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ബിന്ധ്യ ഗോസ്വാമിയുടെ ഭര്‍ത്താവ് ദത്ത ഇപ്പോഴും ചലച്ചിത്ര മേഖലയില്‍ സജീവമാണ്. ബിന്ധ്യ കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ ഒരു കരിയര്‍ കെട്ടിപ്പടുത്തു. റാണി മുഖര്‍ജി, ഐശ്വര്യ റായ്, കരീന കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്കായി അവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു

 

Back to top button
error: