Breaking NewsKeralapolitics

‘തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും’: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചു; ഫോണ്‍ ചോര്‍ത്തിയ ജലീലിനെ പുറത്താക്കി

തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു.

ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്. നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദേഹം സംഭാഷണത്തിനിടെ പറഞ്ഞിരുന്നു.

Signature-ad

കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വന്‍ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ വിശദീകരണവുമായി പാലോട് രവി നേരത്തെ രംഗത്ത് വന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് രാജി. പാലോട് രവിയുടെ പരാമര്‍ശത്തിനെതിരെ വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റ് പാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

പാലോട് രവിയുടെ ഫോണ്‍ സംഭാഷണം:

‘പഞ്ചായത്ത് തരിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റ് പാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് പോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ച് പേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും.

കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തെ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഛിന്നഭിന്നമാക്കും’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: