Breaking NewsWorld

മരുന്നില്ലാത്ത ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ: സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ടു; ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന്റെ ആരോഗ്യം ക്ഷയിക്കുന്നവെന്ന് റിപ്പോര്‍ട്ട്

ഇതിഹാസ ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില വഷളാവുന്നതായി റിപ്പോര്‍ട്ട്. പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന, ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന രോഗമാണ് അദ്ദേഹത്തിന് പിടിപെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡൈ ഹാര്‍ഡ്, പള്‍പ്പ് ഫിക്ഷന്‍, ദി സിക്സ്ത് സെന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനാണ് ഈ അമേരിക്കന്‍ നടന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ് ഇദ്ദേഹം. 70 വയസുകാരനായ ബ്രൂസിന് ഇപ്പോള്‍ സംസാര ശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും ശരീരം അനക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നുമാണ് പുറത്തുവന്നരുന്ന റിപ്പോര്‍ട്ട്.

Signature-ad

താരത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുന്‍ഭാര്യ ഡെമി മൂര്‍, അവരുടെ മക്കള്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബം അദ്ദേഹത്തെ പരിചരിക്കാനും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഒന്നിച്ചുനില്‍ക്കുകയാണ്. ബ്രൂസ് വില്ലിസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളും ഈ രോഗനിര്‍ണയം കുടുംബത്തിലുണ്ടാക്കിയ വൈകാരികമായ ആഘാതത്തെക്കുറിച്ചും അവര്‍ നിരന്തരം പങ്കുവെക്കുന്നുണ്ട്.

ഡിമെന്‍ഷ്യയുടെ അത്ര സാധാരണമല്ലാത്ത ഒരു രൂപമാണ് ഇത്. ചെറുപ്പക്കാരെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. തീരുമാനമെടുക്കല്‍, വൈകാരിക പ്രകടനങ്ങള്‍, ഭാഷ എന്നിവയ്ക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഫ്രോണ്ടല്‍, ടെംപോറല്‍ ലോബുകള്‍ക്ക് സംഭവിക്കുന്ന നാശം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഹെല്‍ത്ത്‌ലൈന്‍ പറയുന്നതനുസരിച്ച്, സംസാരിക്കാനോ സംസാരം മനസ്സിലാക്കാനോ ഉള്ള ബുദ്ധിമുട്ട്, വ്യക്തിത്വത്തിലെ മാറ്റങ്ങള്‍, വിവേചനബുദ്ധി നഷ്ടപ്പെടല്‍ എന്നിവ ഉള്‍പ്പെടെ പലതരം ലക്ഷണങ്ങളിലേക്ക് ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ നയിച്ചേക്കാം. ഇതിന് നിലവില്‍ മരുന്നുകളൊന്നുമില്ല. രോഗലക്ഷണങ്ങള്‍ നിയന്ത്രിച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്.ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ ബാധിച്ച വില്ലിസിന് സംസാരിക്കാനോ വായിക്കാനോ നടക്കാനോ പോലും കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Back to top button
error: