ഉത്തരവ് എവിടെ? ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിച്ചെന്ന കേന്ദ്ര വാദത്തില്‍ ആശയക്കുഴപ്പം; മാര്‍ച്ച് നാലിനു നടന്ന യോഗത്തിനു പിന്നാലെ ചര്‍ച്ചയ്ക്കു പോയ വീണാ ജോര്‍ജിനോടും വര്‍ധനയെക്കുറിച്ച് പറഞ്ഞില്ല; ഇപ്പോഴും ലഭിക്കുന്നത് 2000 രൂപമാത്രം

ന്യൂഡല്‍ഹി: ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധന കഴിഞ്ഞ മാര്‍ച്ചില്‍ 3500 രൂപയായി വര്‍ധിപ്പിച്ചെന്നു കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും ഇതുസംബന്ധിച്ച ഉത്തരവ് എവിടെയെന്ന ചോദ്യം ബാക്കി. കേരളത്തില്‍ ആശമാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്നതിനിടെ ഇന്‍സെന്റീവ് വര്‍ധനയ്ക്കു തീരുമാനമെടുത്തെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച അറിയിപ്പ് ഒരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് ഇന്‍സെന്റീവ് നല്‍കുന്നുണ്ടെന്ന വിവരം കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി 2000 രൂപയായിരുന്ന പ്രതിമാസ ഇന്‍സെന്റീവ് 3500 രൂപയാക്കി ഉയര്‍ത്തിയെന്നാണു പറയുന്നത്.
ഈ തുക എല്ലാ സംസ്ഥാനങ്ങളിലെയും ആശമാര്‍ക്കു ലഭിച്ചു തുടങ്ങിയോ എന്നതിലാണ് അവ്യക്തതയുള്ളത്. പ്രതിമാസം ആവര്‍ത്തിക്കുന്ന ചെലവുകള്‍ക്കും മറ്റുമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇന്‍സെന്റീവുകളിലും ഉന്നതാധികാര സമിതിയോഗം കഴിഞ്ഞ മാര്‍ച്ചില്‍ വര്‍ധന വരുത്തിയെന്നാണു മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെപ്പോലും ഇക്കാര്യം അറിയിച്ചിട്ടില്ല.
രണ്ടായിരം രൂപയാണു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആശമാര്‍ക്കു നല്‍കുന്നത്. കേരളത്തില്‍ ഇത് 13,000 രൂപമുതല്‍ 15,000 രൂപവരെയാണ്. എന്നാല്‍, ഇന്‍സെന്റീവ് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ആശമാര്‍ സമരം ആരംഭിച്ചത്. വീണാ ജോര്‍ജ് കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തീരുമാനം എടുത്തില്ലെന്നാണ് അറിയിച്ചത്.
ഇതിനിടെയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്തുവന്നത്. ഇന്‍സെന്റീവ് കൂട്ടിയെന്ന് അറിയിച്ചപ്പോള്‍ മറുചോദ്യങ്ങളൊന്നും ഇല്ലാതെ സീറ്റിലിരിക്കുകയാണ് പ്രേമചന്ദ്രന്‍ ചെയ്തതെന്നാണു വിമര്‍ശനം. ഇതു സംബന്ധിച്ച ഉത്തരവധിന്റെ കോപ്പി എവിടെയെന്നു ചോദിക്കാതിരുന്നത് എന്ത് എന്ന പരിഹാസമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്.
തുക വര്‍ധിപ്പിച്ചാല്‍ അത് ഉത്തരവാക്കി ഇറക്കണം. ഫണ്ട് എവിടുന്നു കിട്ടുമെന്നതും വ്യക്തമാക്കണം. ഇതിനൊന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ആശമാരുടെ പ്രതിഫലത്തില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. 3500 അനുവദിച്ചാല്‍തന്നെ സംസ്ഥാന വിഹിതമായി 2000 രൂപ കൂട്ടിച്ചേര്‍ത്ത് 5500 കൊടുത്താല്‍ മതി. നിലവിലെ കേന്ദ്ര വിഹിതമായ 2000 രൂപയ്‌ക്കൊപ്പം 1250 കൂട്ടിച്ചേര്‍ത്ത് 3250 രൂപയും നല്‍കിയാല്‍ മതി. കേരളത്തില്‍ മാത്രമാണു നിലവില്‍ 15,000 രൂപവരെ നല്‍കുന്നത്.
നിലവില്‍ മിഷന്‍ സ്റ്റീറിംഗ് ഗ്രൂപ്പിന്റെ 2025 മാര്‍ച്ച് നാലിനു നടന്ന മീറ്റിംഗിലാണ് തുക വര്‍ധിപ്പിച്ചതെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതോടൊപ്പം ടീം ബേസ്ഡ് ഇന്‍സെന്റീവ് ആയിരം രൂപയും വര്‍ധിപ്പിച്ചെന്നു പറയുന്നു. ഈ തുക ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ പദ്ധതിയില്‍നിന്ന് നല്‍കുമെന്നും പറയുന്നു. അതുപോലെ 10 വര്‍ഷം ജോലി ചെയ്തവര്‍ക്കുള്ള വിരമിക്കല്‍ തുക 20,000 രൂപയില്‍നിന്ന് 50,000 ആക്കി ഉയര്‍ത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
asha-worker-incentive-increase-centre-health-ministry






