Breaking NewsIndiaLead NewsLIFELife StyleNEWSNewsthen SpecialpoliticsWorld

ന്യൂസ്മാനോ ബിസിനസുകാരനോ; കൊമ്പുകോര്‍ത്ത് ട്രംപും റൂപര്‍ട്ട് മര്‍ഡോക്കും; മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും ട്രംപിനെ വിടാതെ വാള്‍സ്ട്രീറ്റ് ജേണല്‍; ഒരു വാര്‍ത്തയും നല്‍കാതെ ഫോക്‌സ് ന്യൂസ്! എപ്‌സ്റ്റീന്‍ ഫയല്‍സിലൂടെ മറനീക്കുന്ന അന്തര്‍ധാരകള്‍

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്റ്റീന് അശ്‌ളീലമായ ജന്‍മദിന സന്ദേശം അയച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിക്കുന്നതറിഞ്ഞ് ട്രംപ് മര്‍ഡോക്കിന് ഒരു കത്തയച്ചിരുന്നു. വാള്‍സ്ട്രീറ്റിന്റെ മാതൃകമ്പനിയായ ന്യൂസ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇടപെടണമെന്നും വാര്‍ത്ത കൊടുക്കരുതെന്നുമായിരുന്നു ആവശ്യം. എന്നാല്‍, കഥ പ്രസിദ്ധീകരിച്ചു.

ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് വാര്‍ത്തയില്‍ കൊമ്പകോര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മാധ്യമ ടൈക്കൂണ്‍ റൂപര്‍ട്ട് മര്‍ഡോക്കും. ഇരുവരും തമ്മിലുള്ള ദീര്‍ഘകാല ബന്ധം പരീക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേസിന്റെ പുരോഗതി. ട്രംപ് ദശലക്ഷക്കണക്കിനു ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ തുടര്‍വാര്‍ത്തകളില്‍നിന്ന് പിന്നാക്കം പോയിട്ടില്ല.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷം ട്രംപിന്റെ അനുയായികള്‍ നടത്തിയ യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ‘ഞങ്ങള്‍ ട്രംപിന്റെ വ്യക്തിത്വം ഇല്ലാതാക്കും’ എന്ന പറഞ്ഞു മര്‍ഡോക്ക് ഒരു എക്‌സിക്യുട്ടീവിന് അയച്ച ഇ-മെയില്‍ വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ നിരവധി പ്രസിഡന്റുമാരുടെ ചങ്ങാതിയാകാനും ചിലരെ താഴെയിറക്കാനും മര്‍ഡോക്കിനു കഴിഞ്ഞു. എന്നാല്‍, ട്രംപിന്റെ കാര്യത്തില്‍ മാത്രം പിഴച്ചു.

Signature-ad

പരാജയപ്പെട്ട യുഎസ് പ്രസിഡന്റില്‍നിന്ന് വൈറ്റ് ഹൗസ് തിരികെപ്പിടിച്ച, 132 വര്‍ഷത്തിനിടെയിലെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. പിന്നീടു ക്ലബ് ലോകകപ്പ് ഫൈനല്‍ മുതല്‍ ഓവല്‍ ഓഫീസില്‍വരെ ട്രംപിന്റെ സമീപസ്ഥനായി മര്‍ഡോക്കിനെ എല്ലാക്കാലത്തും കണ്ടു.

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്റ്റീന് അശ്‌ളീലമായ ജന്‍മദിന സന്ദേശം അയച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിക്കുന്നതറിഞ്ഞ് ട്രംപ് മര്‍ഡോക്കിന് ഒരു കത്തയച്ചിരുന്നു. വാള്‍സ്ട്രീറ്റിന്റെ മാതൃകമ്പനിയായ ന്യൂസ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇടപെടണമെന്നും വാര്‍ത്ത കൊടുക്കരുതെന്നുമായിരുന്നു ആവശ്യം. എന്നാല്‍, കഥ പ്രസിദ്ധീകരിച്ചു.

അതേസമയം, മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തില്‍ ഉടനീളം ഈ ‘കഥ’യ്ക്ക് അത്ര പ്രചാരം കിട്ടിയില്ല. വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു 15 മിനുട്ടിനുശേഷം മര്‍ഡോക്കിന്റെതന്നെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാഹാം ഇതേക്കുറിച്ചു സംസാരിച്ചു. ‘വാള്‍സ്ട്രീറ്റ് ജേണലില്‍നിന്ന് ഇതേ വിഷയത്തില്‍ പുതിയ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇന്നു രാത്രി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും- കാത്തിരിക്കുക’ എന്നായിരുന്നു ഇടവേളയ്ക്കു മുമ്പ് അവതാരക പറഞ്ഞത്. പക്ഷേ, പരസ്യത്തിന്റെ ഇടവേളകഴിഞ്ഞ് തിരിച്ചെത്തിയ ലാറ ഒരിക്കല്‍ പോലും ആ വാര്‍ത്ത വായിച്ചില്ല.

ഠ ആദ്യം ബിനിനസ്

‘ട്രംപിന്റെ വ്യക്തിത്വം ഇല്ലാതാക്കും’ എന്നു മര്‍ഡോക്ക് ഇ-മെയില്‍ അയച്ച, തൊണ്ണൂറുകളില്‍ ഫോക്‌സ് ന്യൂസ് ചാനലില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രെസ്റ്റന്‍ പാഡന് പക്ഷേ ഇക്കാര്യത്തില്‍ തെല്ലും അമ്പരപ്പില്ല. മര്‍ഡോക്ക് പതിറ്റാണ്ടുകള്‍ നീണ്ട മാധ്യമ കച്ചവടത്തിനിടെ ഇത്തരം നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരേ വാര്‍ത്തകളെതന്നെ മര്‍ഡോക്കിന്റെ വിവിധ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്തത് വ്യത്യസ്ത രീതികളിലാണ്.

‘നിങ്ങള്‍ക്ക് വാള്‍ സ്ട്രീറ്റ് ജേണലും കേബിള്‍ ന്യൂസ് ചാനലും ലഭിക്കും. അവ റൂപര്‍ട്ടിന്റെ തലച്ചോറിന്റെ രണ്ട് വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്നു’ എന്ന് പാഡന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘അദ്ദേഹം വാള്‍സ്ട്രീറ്റിന്റെ കാര്യത്തില്‍ ഗൗരവമുള്ള മാധ്യമ പ്രവര്‍ത്തകനും ഫോക്‌സ് ന്യൂസിന്റെ കാര്യത്തില്‍ ബിസിനസുകാരനുമാണ്’.

മര്‍ഡോക്കിന്റെ ബിസിനസുകള്‍ രണ്ട് കമ്പനികളായി വിഭജിക്കപ്പെട്ടിരിക്കുന്നു: ഫോക്‌സ് ന്യൂസും ട്യൂബി സ്ട്രീമിംഗ് പ്ലാറ്റ്ഫോമും ഉള്‍പ്പെടുന്ന ഫോക്‌സ് കോര്‍പ്പറേഷന്‍. മറ്റൊന്ന് ഓസ്ട്രേലിയന്‍, ദി സണ്‍, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവയുള്‍പ്പെടെയുള്ള പത്രങ്ങളുടെ മാതൃ സ്ഥാപനമായ ന്യൂസ് കോര്‍പ്പും. ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് നെറ്റ്വര്‍ക്ക് ആയ ആര്‍ഇഎ, പുസ്തക പ്രസാധന രംഗത്തെ ഭീമനായ ഹാര്‍പ്പര്‍കോളിന്‍സ് എന്നിവയും ന്യൂസ് കോര്‍പ്പിനു കീഴിലാണ്. ഫോക്സില്‍ മാധ്യമ പ്രവര്‍ത്തനത്തെക്കാള്‍ ശ്രദ്ധ നല്‍കുന്നത് ബിസിനസിനാണ്.

വാള്‍ സ്ട്രീറ്റ് ജേണല്‍ സ്ഥിതി ചെയ്യുന്ന ന്യൂസ് കോര്‍പ്പിന്റെ ഡൗ ജോണ്‍സ് ഡിവിഷന്‍ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 575 മില്യണ്‍ ഡോളറാണു വരുമാനമുണ്ടാക്കിയത്. എന്നാല്‍, ഫോക്‌സ് ന്യൂസിന്റെ നേതൃത്വത്തിലുള്ള ഫോക്‌സ് കോര്‍പ്പിന്റെ കേബിള്‍ നെറ്റ്വര്‍ക്ക് പ്രോഗ്രാമിംഗ് വിഭാഗം, ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ ഇതേ കാലയളവില്‍ നേടിയത് 1.64 ബില്യണ്‍ ഡോളറാണ്. പണമുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം ഫോക്‌സ് ന്യൂസാണ്. പ്രസിഡന്റ് ആഗ്രഹിച്ചതുപോലെതന്നെ അവര്‍ എപ്റ്റീന്‍ വിഷയം ഏറ്റെടുത്തില്ല.

ഠ ബിസിനസിനു നല്ലതല്ല

ട്രംപിനെയും എപ്സ്റ്റീനെയും കുറിച്ചുള്ള ജേണലിന്റെ റിപ്പോര്‍ട്ട് ഫോക്‌സ് ന്യൂസില്‍ വരുന്നതു ‘ബിസിനസിന് നല്ലതല്ല’ എന്ന് അവര്‍ തിരിച്ചറിഞ്ഞു. പ്രസിഡന്റിനെതിരേ രംഗത്തു വന്നപ്പോഴെല്ലാം ഫോക്‌സിനു കാണികളെ നഷ്ടപ്പെട്ടിട്ടുണ്ട്. ‘സത്യം റിപ്പോര്‍ട്ട് ചെയ്യണോ അതോ കാണികളെ ഇല്ലാതാക്കണോ’ എന്നതില്‍ സത്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കപ്പെടുന്നു. ട്രംപ് പരാജയപ്പെട്ട 2020ലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ഉപകരണ സ്ഥാപനത്തിനെതിരേ തെറ്റായ വാര്‍ത്ത നല്‍കിയെന്ന പേരിലുണ്ടായ മാനനഷ്ടക്കേസില്‍ ഫോക്‌സിനു നല്‍കേണ്ടിവന്നത്. 787.5 മില്യണ്‍ ഡോളറാണ്.

ട്രംപ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഫോക്‌സ് ന്യൂസിന്റെ ചില എപ്പിസോഡുകള്‍ പങ്കുവച്ചത് ചാനലിന്റെ കാര്യത്തില്‍ അദ്ദേഹം സന്തുഷ്ടനാണ് എന്നു സൂചനിപ്പിക്കുന്നതാണ്. എന്നാല്‍, എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ വാള്‍സ്ട്രീറ്റില്‍വന്ന വാര്‍ത്തയുടെ പേരില്‍ മര്‍ഡോക്കിനും ന്യൂസ് കോര്‍പ്പിനും ജേണല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരേ അദ്ദേഹം മാനനഷ്ടക്കേസും ഫയല്‍ ചെയ്തു.

ഇതേക്കുറിച്ച് മീഡിയ അനലിസ്റ്റായ ക്ലെയര്‍ എന്‍ഡേഴ്‌സ് പറയുന്നത് ഇങ്ങനെയാണ്: ‘ട്രംപും മര്‍ഡോക്കും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കൊടുക്കല്‍ വാങ്ങലുകളുണ്ട്. അവര്‍ക്കിടയില്‍ സൗഹൃദവുമുണ്ട്. ഇരുവര്‍ക്കും ‘ക്യാഷ് മെഷീനുകളു’മായും അടുപ്പമുണ്ട്. ഇരുവര്‍ക്കുമിടയില്‍ പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം വേഗത്തില്‍ ഒത്തുതീര്‍പ്പുകളിലുമെത്തി’

ഇതിനു മുമ്പ് ട്രംപ് മാനനഷ്ടക്കേസ് ഫയല്‍ ചെ്തവരില്‍ ഡിസ്‌നിയുടെ എബിസി മുതല്‍ പാരാമൗണ്ട് വരെയുണ്ട്. എബിസിക്ക് 15 ദശലക്ഷം ഡോളറിന്റെയും പാരാമൗണ്ടിന്റെ കീഴിലുള്ള സിബിഎസ് ന്യൂസിന് 16 ദശലക്ഷം ഡോളറിന്റെയും ഒത്തുതീര്‍പ്പില്‍ എത്തേണ്ടിവന്നു. എന്നാല്‍, വാള്‍സ്ട്രീറ്റിലെ റിപ്പോര്‍ട്ടിന്റെ പേരില്‍ ന്യൂസ് കോര്‍പ്പിനെതിരേ നല്‍കിയ കേസ് വേഗത്തില്‍ അവസാനിക്കുമെന്നാണു കരുതുന്നതെന്ന് ജേണലിസ്റ്റുകള്‍തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ‘ഞങ്ങളുടെ റിപ്പോര്‍ട്ടിംഗിന്റെ കൃത്യതയില്‍ ആത്മവിശ്വാസമുണ്ട്. ഏതൊരു കേസും ശക്തമായി പ്രതിരോധിക്കും’ എന്നാണ് സ്ഥപന വക്താവ് പറഞ്ഞത്.

‘ജേണല്‍ വ്യാജമായി ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലാത്തതിനാല്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കില്‍ ചെറിയ ഒത്തുതീര്‍പ്പിലൂടെ നീണ്ട നിയമയുദ്ധം ഒഴിവാകും. മുമ്പ് ‘ലെസ്-മജസ്‌റ്റെ’ കേസുകള്‍ ട്രംപ് കൈകാര്യം ചെയ്തത് ഇത്തരത്തിലാണ്’- എന്‍ഡേഴ്‌സ് പറയുന്നു.

ഫോക്‌സ് ന്യൂസ് ഈ വിഷയം വളരെക്കുറച്ചുമാത്രമാണു കൈകാര്യം ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച കേസിന്റെ പ്രാരംഭ ഫയലിംഗിനെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച കേസ് വിശകലനംചെയ്തു. പക്ഷേ, സ്വന്തമായി ഒരു അഭിപ്രായപ്രകടനം ഫോക്‌സ് ന്യൂസ് നടത്തിയിട്ടില്ല. 94 കാരനായ മര്‍ഡോക്ക് 2023ല്‍ ഫോക്‌സ് കോര്‍പ്പിന്റെയും ന്യൂസ് കോര്‍പ്പിന്റെയും മാനേജ്‌മെന്റില്‍നിന്ന് വിരമിച്ചു. മകന്‍ ലാച്‌ലാന് ചുമതലകള്‍ കൈമാറി. പക്ഷേ, സ്ഥാപനത്തിന്റെ ‘ബിസിനസുകളില്‍’ ഇടപെടുമെന്ന് അപ്പോഴും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇതേക്കുറിച്ച് മര്‍ഡോക്കിന്റെ പഴയ സഹപ്രവര്‍ത്തകന്‍ പ്രെസ്റ്റന്‍ പാഡന്‍ പറയുന്നതും രസകരമാണ്- ‘അയാള്‍ ഉള്ളിടത്തോളം കാലം രണ്ടു സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മിഠായിക്കട ആയിരിക്കും’!

 

Longstanding relationship between media mogul and US president is being tested amid Trump’s lawsuit over a WSJ story about his ties to Epstein

Back to top button
error: