Breaking NewsCrimeIndiaLead NewsNEWSNewsthen Special

യുവതികളെ ഭീഷണിപ്പെടുത്തി ഒമ്പതു മണിക്കൂര്‍ നഗ്നരാക്കി നിര്‍ത്തി; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി അരലക്ഷം തട്ടി; ഞെട്ടിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; വിദ്യാഭ്യാസമുള്ളവരും കുടുങ്ങുന്നതില്‍ ആശങ്ക അറിയിച്ച് പോലീസ്

മുംബൈ: മുംബൈ പൊലീസില്‍ നിന്നെന്ന് ഭീഷണിപ്പെടുത്തി യുവതികളെ ‘ഡിജിറ്റല്‍ അറസ്റ്റിലാക്കി’ പണം തട്ടിയെന്ന് പരാതി. ബെംഗളൂരുവിലാണ് സംഭവം. ഒന്‍പത് മണിക്കൂര്‍ നേരമാണ് യുവതിയെയും സുഹൃത്തിനെയും തട്ടിപ്പുസംഘം നഗ്‌നരാക്കി നിര്‍ത്തിയത്. അന്‍പത്തിയെട്ടായിരത്തിലേറെ രൂപയും സംഘം ഇവരില്‍ നിന്ന് കൈക്കലാക്കി. ജൂലൈ 17നാണ് സംഭവം. അന്നു തായ്‌ലന്‍ഡില്‍നിന്ന് എത്തിയ യുവതിക്ക് മുംബൈ കോള്‍ബ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന വ്യാജേനെ ഫോണ്‍ വന്നു. യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബന്ധമുണ്ടെന്നും, മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും ഒരു കൊലക്കേസിലും പങ്കുണ്ടെന്നും പൊലീസ് ഓഫിസര്‍ എന്ന് അവകാശപ്പെട്ടയാള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും ആളുമാറിപ്പോയിട്ടുണ്ടാകുമെന്നും യുവതി പറഞ്ഞു. ഇതോടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് തട്ടിപ്പുസംഘം വിശ്വാസം നേടിയെടുത്തു.

തുടര്‍ന്ന് കേസിന്റേതെന്ന് പറയപ്പെടുന്ന വ്യാജ എഫ്‌ഐആറുകളും അറസ്റ്റ് വാറണ്ടുകളും സിബിഐ ഐഡി കാര്‍ഡുകളും ഓഫിസര്‍ ഇവരുമായി പങ്കുവച്ചു. ഇതോടെ കേള്‍ക്കുന്നത് സത്യമാണെന്ന് യുവതി വിശ്വസിക്കുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. പിന്നാലെ വിഡിയോ കോള്‍ ചെയ്തു. ഇരുവരും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും 24 മണിക്കൂര്‍ വീട്ടില്‍ നിന്നും പുറത്തുപോകരുത്, ഇത് ഉറപ്പുവരുത്തുന്നതിനായി വിഡിയോ കോളില്‍ തുടരണമെന്നും ഇവരെ ഭീഷണിപ്പെടുത്തി. ഇത് കൂടാതെ റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെ ഭാഗമായി ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും തട്ടിപ്പുകാര്‍ ഇവരോട് ആവശ്യപ്പെട്ടു.

Signature-ad

തുടര്‍ന്ന് തട്ടിപ്പുകാര്‍ അക്കൗണ്ടിലെ പണം അവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇത് പണം കള്ളപ്പണമാണോ എന്ന് അന്വേഷിക്കാനാണെന്നും കള്ളപ്പണമല്ലെന്ന് കണ്ടെത്തിയാല്‍ തിരിച്ച് യുവതിയുടെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ച് നിക്ഷേപിക്കുമെന്നും പറഞ്ഞു. ഭയന്ന യുവതി തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 58,447 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി.

പണം കിട്ടിയ ഉടനെ കൂടുതല്‍ അന്വേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരുടെയും ശരീരത്തിലെ മറുകുകളും മുറിപ്പാടുകളും ടാറ്റുകളും മറ്റും കണ്ട് ഉറപ്പുവരുത്തണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഇതിനായി നഗ്‌നരായി നില്‍ക്കാന്‍ യുവതികളോട് ഇവര്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ഇവര്‍ നഗ്‌നരായി ക്യാമറയ്ക്ക് മുന്നില്‍ നിന്നു. എന്നാല്‍ നഗ്‌നരായ ഇവരുടെ വിഡിയോകളും ചിത്രങ്ങളും തട്ടിപ്പുകാര്‍ എടുത്തിരുന്നു. തുടര്‍ന്ന് ഈ ചിത്രങ്ങളും വിഡിയോകളും ഇവര്‍ക്ക് തിരിച്ചയച്ച് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൂടുതല്‍ പണം അയക്കണമെന്നും ഭീഷണി ആരംഭിച്ചു. ഇത് കൂടാതെ ഇവരുടെ നഗ്‌നമായ ശരീരത്തെ ഇവര്‍ കളിയാക്കാനും തുടങ്ങി.

ഒടുവില്‍ രാത്രി എട്ടുമണിയോടെ യുവതികളിലൊരാള്‍ തന്റെ മറ്റൊരു സുഹൃത്തിനെ വിളിക്കുകയും അവരുടെ നിര്‍ദേശപ്രകാരം വിഡിയോ കോള്‍ അവസാനിപ്പിക്കുകയും പണമിടപാട് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. ശനിയാഴ്ച ഇവര്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: