സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കരുതെന്നു വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുമായുള്ള പോരു മുറുകുന്നു; ഗവര്‍ണര്‍ അയഞ്ഞിട്ടും വഴങ്ങാതെ മോഹനന്‍ കുന്നുമ്മല്‍; പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി-രജിസ്ട്രാര്‍ പോര് മുറുകുന്നു. റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കേണ്ടെന്ന വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ ഉത്തരവാണ് പോര് കടുപ്പിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാന്‍സലര്‍ റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്.
റജിസ്ട്രാറെ താന്‍ സസ്‌പെന്‍ഡ് ചെയ്തതാണെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കരുതെന്നുമാണ് വിസിയുടെ ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിശ്ചിത തുക അലവന്‍സ് മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ല, നിയമന അധികാരിയായ സിന്‍ഡിക്കേറ്റ് അതു റദ്ദുചെയ്തു എന്ന് കാണിച്ച് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. അതേസമയം, സസ്‌പെന്‍ഷന്‍ കാലയളവില്‍ ഓഫിസില്‍ എത്തുന്നതു നിയമവിരുദ്ധമാണെന്ന് വിസി പറയുന്നു.
സസ്‌പെന്‍ഷന്‍ അംഗീകരിച്ച് ഓഫിസില്‍ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന ഉപാധി, വിസി മുന്നോട്ടു വച്ചെങ്കിലും സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും റജിസ്ട്രാറും യോജിച്ചില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആശയവിനിമയം നടത്തിയെങ്കിലും കേരള സര്‍വകലാശാലയിലെ പ്രശ്‌ന്ങ്ങള്‍ക്ക് മാത്രം ഇതുവരെ പരിഹാരം ആയില്ല.






