KeralaLead News

പരസ്പരം മൊമന്റോ നല്‍കി മന്ദി അറിയിച്ചു: എഫ് 35 ബിയുടെ തകരാര്‍ പരിഹരിക്കാനെത്തിയ വിദഗ്ധ സംഘം ഇംഗ്ലണ്ടിലേക്ക് മടങ്ങി

തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തങ്ങിയ 17 അംഗ വിദഗ്ധസംഘം സാങ്കേതിക ഉപകരണങ്ങളുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ അറ്റ്‌ലസ് വിമാനമാണ് വിദഗ്ധ സംഘത്തെയും ഉപകരണങ്ങളെയും മടക്കി കൊണ്ടുപോകുന്നതിന് ബുധനാഴ്ച രാത്രി 7:50 ഓടെ എത്തിയത്. തുടര്‍ന്ന് രാത്രി പത്തോടെ വിമാനം മടങ്ങി.

ചാക്കയിലെ ഹാങറിലെത്തിച്ചിരുന്ന ഗ്രൗണ്ട് പവര്‍യൂണിറ്റ്, തകരാര്‍ സംഭവിച്ചിരുന്ന ഓക്‌സിലയറി പവര്‍ യൂണിറ്റ്, വിമാനത്തെ കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള ടോ ബാര്‍ അടക്കമുളള നിരവധി സാങ്കേതിക ഉപകരണങ്ങളായിരുന്നു കഴിഞ്ഞ ആറാം തിയതി ഒമാനില്‍ നിന്ന് ചാക്കയിലെ ഹാങറിലെത്തിച്ചത്. ഇവയെല്ലാം തിരികെ കൊണ്ടുപോയി.

Signature-ad

തങ്ങളുടെ വിമാനത്തിന് ആവശ്യമായ സുരക്ഷയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഇവിടെ തങ്ങിയിരുന്ന സൈനികര്‍ക്കും വിദഗ്ധര്‍ക്കും വേണ്ട സഹായം നല്‍കിയതിനും റോയല്‍ എയര്‍ഫോഴ്‌സിന്റെ സ്‌ക്വാഡ്രണ്‍ 207 ലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് തോം സായര്‍ വിമാനത്താവള അധികൃതര്‍ക്ക് നന്ദിസൂചകമായി എഫ് 35 ബിയുടെ ചിത്രം പതിപ്പിച്ച മിലിട്ടറി മൊമന്റോ നല്‍കി. വിമാനത്താവള അധികൃതരും അവര്‍ക്ക് മൊമന്റോ നല്‍കിയാണ് യാത്ര അയച്ചത്.

റോയല്‍ എയര്‍ഫോഴ്സിന്റെ സ്‌ക്വാഡ്രണ്‍ 207 ലെ ഫ്ളൈറ്റ് ലഫ്റ്റനന്റ് തോംസായര്‍ നന്ദിസൂചകമായി എഫ്-35 ബി വിമാനത്തിന്റെ ചിത്രം പതിപ്പിച്ച മിലിട്ടറി മൊമന്റോ വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയപ്പോള്‍

അറബിക്കടലില്‍ സംയുക്ത സൈനികാഭ്യാസത്തിനെത്തിയ വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നകന്ന എഫ്-35 യുദ്ധവിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ജൂണ്‍ 14-ന് രാത്രി 9.30-നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഇന്ധനംനിറച്ച് അടുത്തദിവസം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് മറ്റ് സാങ്കേതികത്തകരാറുകള്‍ കണ്ടെത്തിയത്. ആയിരം കോടിയിലേറെ രൂപ വിലവരുന്ന വിമാനം ദിവസങ്ങളോളം വിമാനത്താവളത്തിലെ ബേയില്‍ മഴയും വെയിലുമേറ്റുകിടന്നു. തുടര്‍ന്ന് 39-ാം ദിവസമാണ് തിരിച്ചുപറന്നത്.

Back to top button
error: