വ്യായാമം ചെയ്യാന്‍ മടിയോ? മടിമാറാന്‍ വഴിയുണ്ട്! പേഴ്സണാലിറ്റി ടൈപ്പിന് അനുസരിച്ചുള്ള വര്‍ക്ക് ഔട്ട് കണ്ടെത്താം

ജനുവരി ഒന്നിന് ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും നല്ല ഉത്സാഹമാണ്. രണ്ട് ദിവസം കഴിയുമ്പോള്‍ ആ താത്പരം അങ്ങ് കെടുന്നു. രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകാന്‍ തീരുമാനിച്ചാലും അവസ്ഥ ഇതുതന്നെ. രണ്ട് ദിവസം പോകും. പിന്നെയങ്ങോട്ട് മടിയും. യൂട്യൂബ് നോക്കി വീട്ടിലിരുന്ന് വ്യായാമം ചെയ്യാമെന്ന് കരുതിയാലോ കുറച്ച് കഴിഞ്ഞ് ചെയ്യാം, പിന്നെ ചെയ്യാം, നാളെ ചെയ്യാം എന്ന് പറഞ്ഞ് നീട്ടിനീട്ടി വച്ച് അത് ചെയ്യാനേ പറ്റാതെ വരുന്നു. നമ്മില്‍ ചിലരെങ്കിലും ഇങ്ങനയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലേ? കണ്‍സിസ്റ്റന്റായി വ്യായാമം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്ത്? അത് ചിലപ്പോള്‍ നിങ്ങളുടെ പേഴ്സണാലിറ്റി ടൈപ്പിന് അനുസരിച്ചുള്ള വ്യായാമം നിങ്ങള്‍ തിരഞ്ഞെടുക്കാത്തതുകൊണ്ടും ആകാം.
ലാസ് വേഗാസിനെ നെവാഡ സര്‍വലാശാലയിലെ മനശാസ്ത്ര വിഭാഗത്തിലെ ബ്രാഡ് ഡോനോഹ്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ചില രസകരമായ വിവരങ്ങള്‍ കണ്ടെത്തിയത്. നിരവധി സാധാരണ ജനങ്ങളില്‍ എട്ടാഴ്ചയോളം നടത്തിയ പഠനത്തിന്റെ ഫലമായാണ് പേഴ്സണാലിറ്റി ടൈപ്പും വ്യായാമവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്.
ഹൈ ന്യൂറോട്ടിസം
നിങ്ങള്‍ വളരെ എളുപ്പത്തില്‍ ആകുലത പ്രകടിപ്പിക്കുന്ന, ചെറിയ കാര്യങ്ങള്‍ക്ക് വരെ ടെന്‍ഷനടിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന, മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ പെട്ടെന്ന് മുറിവേല്‍ക്കപ്പെടുന്ന തരത്തിലുള്ള ആളാണെങ്കില്‍ ലോ ഇന്റന്‍സിറ്റിയുള്ള വ്യായാമങ്ങള്‍ ചെയ്യാനും അത് തുടര്‍ന്ന് പോകാനുമാകും നിങ്ങള്‍ക്ക് കൂടുതല്‍ എളുപ്പം. നടത്തം, യോഗ, പൈലേറ്റ്സ്, സൈക്ലിംഗ് എന്നിവയാണ് നിങ്ങള്‍ക്ക് പറ്റിയ വ്യായാമങ്ങള്‍. ഇത്തരക്കാര്‍ക്ക് ഹൈ ഇന്റന്‍സിറ്റി വര്‍ക്ക് ഔട്ട് ചെയ്യുന്നത് അവരുടെ ആകുലത കൂട്ടാനും സാധ്യതയുണ്ട്.
ലോ ന്യൂറോട്ടിസം
നിങ്ങള്‍ പെട്ടെന്ന് ആകുലപ്പെടാത്ത, അത്ര സെന്‍സിറ്റീവ് അല്ലാത്ത ആളാണെങ്കില്‍ പയ്യെ HIIT പരീക്ഷിച്ചുനോക്കാം.
എക്സ്ട്രോവേര്‍ട്ട്
ജിമ്മില്‍ പോയി നിങ്ങളുടെ ഫേവറേറ്റ് പ്ലേ ലിസ്റ്റുകള്‍ കേട്ട് വ്യായാമം ചെയ്യുന്നതും സൂംബ ക്ലാസുകള്‍ക്ക് ഉള്‍പ്പെടെ പോകുന്നതും നിങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കും. മറ്റുള്ളവര്‍ക്കൊപ്പം ചുവടുവയ്ക്കുന്നത് നിങ്ങളുടെ ഊര്‍ജം ഇരട്ടിയാക്കും.
ഇന്‍ട്രോവേര്‍ട്ട്
നിങ്ങള്‍ എപ്പോഴും ഒരു മീ ടൈമിന് വേണ്ടി കൊതിക്കുന്നവരാണെങ്കില്‍ യോഗ, പൈലേറ്റ് പോലുള്ളവ ചെയ്ത് തുടങ്ങാം. ഇത് നിങ്ങള്‍ക്ക് കുറച്ചുകൂടി സമാധാനവും വ്യായാമം തുടരാന്‍ പ്രചോദനവും നല്‍കും. ഒറ്റയ്ക്കുള്ള നീന്തല്‍, ഹൈക്കിങ്, വെയ്റ്റ്ലിഫ്റ്റിങ് എന്നിവയും ചെയ്ത് നോക്കാവുന്നതാണ്.






