രാഷ്ട്രീയ കേരളം തിളച്ചു മറിഞ്ഞപ്പോള്‍ ശാന്തനായി ഉറങ്ങി! മുഖ്യമന്ത്രിയാകാനുളള അവസരം തടയാനുളള ശ്രമം പാര്‍ട്ടിയിലും ശക്തമായിരുന്നു; ഒടുവില്‍ കേരളത്തിന്റെ കാവലാളായി വിഎസ് എത്തി

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്നത് പാര്‍ട്ടിക്ക് അപ്പുറമായി വലിയൊരു വിഭാഗം മലയാളികളുടെ ആഗ്രഹമായിരുന്നു. കേരളത്തിന്റെ കാവലാളായി വി എസിനെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികള്‍. വി എസ് ഒരു വികാരമായി ഹൃദയത്തിലേറ്റിയിരുന്നു. വിഎസിനെ മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാകാനുളള അവസരം തടയാനുളള ശ്രമം പാര്‍ട്ടിയിലും ശക്തമായിരുന്നു. പി.ബി അംഗങ്ങളില്‍ ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ പിബിയും കേന്ദ്ര കമ്മിറ്റിയും ഡല്‍ഹി എകെജി ഭവനില്‍ ചേരുന്നു.
2006 മാര്‍ച്ച് 10 വെളളിയാഴ്ച മുതല്‍ മാര്‍ച്ച് 12 ഞായറാഴ്ച വരെയായിരുന്നു യോഗം. വി.എസ് മത്സരിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി സി.പി.എം പ്രവര്‍ത്തകരും ഇടത് അനുഭാവികളും വി.എസില്‍ പ്രതീക്ഷ അര്‍പ്പിച്ച ഒരു വിഭാഗം ജനങ്ങളും ആശങ്കയോടെയാണ് കാത്തിരുന്നത്. സംസ്ഥാനത്തു നിന്നുളള ഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും എതിരായതിനാല്‍ വി.എസിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന ആശങ്ക ശക്തമായിരുന്നു.
പി.ബി, കേന്ദ്ര കമ്മിറ്റി വാര്‍ത്തകള്‍ക്കായി കേരളം കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന സമയം. മാര്‍ച്ച് പത്ത് വെള്ളിയാഴ്ച. പോളിറ്റ് ബ്യൂറോ ചേരുന്നു. വി.എസ് മത്സരിക്കണമെന്നായിരുന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുളള ഭൂരിപക്ഷം പി. ബി അംഗങ്ങളുടേയും നിലപാട്. രാത്രിയോടെ ഈ വിവരം കിട്ടി. പി ബിയുടെ നിലപാട് വി എസിന് ഒപ്പമാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ കേരളത്തില്‍ പ്രതീക്ഷ വര്‍ദ്ധിച്ചു. എന്നാല്‍ അടുത്ത ദിവസം കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുളള ഭൂരിപക്ഷം അംഗങ്ങളും വി.എസിനെ മത്സരിപ്പിക്കരുതെന്ന ഉറച്ച നിലപാടു സ്വീകരിച്ചു.
വി.എസിന്റെ നേതൃത്വത്തില്‍ മത്സരിച്ചാല്‍ ഇടതു മുന്നണി പരാജയപ്പെടുമെന്ന് ഉദാഹരണങ്ങള്‍ നിരത്തി പലരും വാദിച്ചു. തുടര്‍ന്ന് പി.ബി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്നെങ്കിലും എതിര്‍പ്പിനായിരുന്നു വ്യക്തമായ ഭൂരിപക്ഷം. അവസാന ദിവസം നടന്ന പി.ബിയില്‍ താന്‍ മത്സരിക്കാനില്ലെന്ന് വി.എസ് വ്യക്തമാക്കി. അതോടെ വി എസ് മത്സരിച്ച് കേരള മുഖ്യമന്ത്രിയാവുന്നു എന്ന അവസ്ഥ ഇല്ലാതായി എന്നു പറയാം.
അപ്പോള്‍ നടന്നില്ലെങ്കില്‍ ഇനിയൊരവസരം വി.എസിന് ലഭിക്കുക അസാദ്ധ്യമാണ്. തന്റെ വിധി നിര്‍ണയിക്കുന്ന സുപ്രധാനമായ കമ്മിറ്റി ചേര്‍ന്നപ്പോഴൊന്നും വി.എസിന്റെ മുഖത്തോ സംഭാഷണങ്ങളിലോ ആശങ്കയോ ഉത്കണ്ഠയോ പ്രകടമായിരുന്നില്ല. നടത്തവും എണ്ണ തേച്ചു കുളിയും യോഗയും പത്രവായനയും അടക്കം ദിനചര്യകളിലൊന്നും ഒരു മാറ്റവുമില്ല. വി.എസിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായ അവസാന ദിവസം ചില നേതാക്കളിലെങ്കിലും സന്തോഷം പ്രകടമായിരുന്നു.
മുമ്പ് എത്രയോ തവണ ആവര്‍ത്തിച്ച തിരിച്ചടികളിലൊന്നും വി.എസ് തളര്‍ന്നിട്ടില്ല. തോല്‍വികള്‍ തളര്‍ത്താത്ത പോരാളിയാണ്. തുടര്‍ തോല്‍വികളുടെ, കൊടിയ നിരാശയുടെ ഇരുളില്‍ നിന്നും പ്രതീക്ഷയുടെ വെളിച്ച വാതിലുകള്‍ സ്വയം തളളി തുറന്ന നേതാവ്. എം.എന്‍ വിജയന്‍ വിശേഷിപ്പിച്ചതു പോലെ പരാജയം ഭക്ഷിച്ചു ജീവിച്ചവന്‍ എന്നതാവും ശരി. അപ്പോഴൊക്കെയും ഇനിയും തിരിച്ചുവരാനാകും എന്ന പ്രതീക്ഷയോ വിശ്വാസമോ ആകാം ഒരുപക്ഷേ വി.എസിന് ശക്തി നല്‍കിയത്. എന്നാല്‍ ഇക്കുറി അങ്ങനെയല്ല. അന്ന് 82 വയസായ വി.എസിന് തിരിച്ചുവരവ് അസാദ്ധ്യമായിരുന്നു. മുഖ്യമന്ത്രിയാവാന്‍ പോയിട്ട് മത്സരിക്കാന്‍ പോലും പിന്നീട് അവസരം ലഭിക്കാനിടയില്ല. അതു മറ്റാരേക്കാളും നന്നായി വി.എസിന് അറിയാം. വി.എസ് ഏതു തരത്തിലാവും ഇതിനോടു പ്രതികരിക്കുകയെന്ന ആശങ്ക ശക്തമായിരുന്നു.






