Breaking NewsWorld

നേരിടുന്നത് വലിയ പ്രതിസന്ധി: വരുമാനം കുറഞ്ഞതോടെ പ്രതീക്ഷയായിരുന്ന ഏക തുറമുഖവും അടച്ചു; ഇസ്രായേലിന് ഇത് കഷ്ടകാലമോ?

പശ്ചിമേഷ്യന്‍ മേഖലയെ അശാന്തിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുത്തതോടെ ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആകെ കടംകയറിയതിനെ തുടര്‍ന്ന് എയ്ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. യമനിലെ ഹൂതി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂതികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂതികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്ലാത്ത് തുറമുഖത്തേക്ക് ചരക്കുകള്‍ എത്താതായി. ഞായറാഴ്ച മുതല്‍ എയ്ലാത്ത് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എയ്ലാത്ത് മുന്‍സിപ്പാലിറ്റി മരവിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷം ഡോളര്‍ ആണ് നികുതിയായി അടയ്ക്കാനുള്ളത്. വരുമാനം ലഭിക്കാതെ വന്നതോടെയാണ് നികുതി കൃത്യമായി അടയ്ക്കാന്‍ തടസം നേരിട്ടത്.

Signature-ad

ഇസ്രായേലിന്റെ ചെങ്കടലിനോട് ചേര്‍ന്നുള്ള ഏക തുറമുഖമാണ് എയ്ലാത്ത്. ഇതുവഴിയാണ് ഇസ്രായേലിലേക്ക് വാഹനങ്ങളും ക്രൂഡ് ഓയിലും എത്തിച്ചിരുന്നത്. ഇവിടേക്ക് തുടര്‍ച്ചയായി ഹൂതികള്‍ ആക്രമണം നടത്തിയതോടെ കപ്പലുകള്‍ വരാതായി. 2023 ല്‍ 63 ദശലക്ഷം ഡോളര്‍ ആയിരുന്നു വരുമാനം. കഴിഞ്ഞ അത് വര്‍ഷം 12.5 ദശലക്ഷം ഡോളറായി താഴ്ന്നു. ഈ വര്‍ഷം വീണ്ടും കുറഞ്ഞു.

80 ശതമാനം വരുമാനത്തില്‍ ഇടിവ് വന്നതോടെ എയ്ലാത്ത് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയായിരുന്നു. അതേസമയം, എയ്ലാത്ത് അടയ്ക്കുമ്പോള്‍ ഇസ്രായേലിനെ മറ്റു രണ്ട് തുറമുഖങ്ങള്‍ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍. ഹൈഫ, അഷുദോദ് തുറമുഖങ്ങളിലേക്കാണ് എയ്ലാത്തിലേക്ക് എത്തിയിരുന്ന ചരക്കുകള്‍ വഴിമാറ്റുന്നത്. ഇത് ചെലവേറിയ വഴിയാണ്.

ഹൈഫ, അഷുദോദ് തുറമുഖങ്ങള്‍ മെഡിറ്ററേനിയന്‍ കടല്‍ തീരത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ചരക്ക് എത്തിക്കുന്നത് എയ്ലാത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയതാണ്. ഹൈഫ തുറമുഖം അദാനി ഗ്രൂപ്പിന്റേതാണ്. 2023 ലാണ് ഇവര്‍ തുറമുഖത്തിന്റെ ഓഹരി വാങ്ങി ഏറ്റെടുത്തത്. എയ്ലാത്ത് അടയ്ക്കുമ്പോള്‍ ഹൈഫയ്ക്ക് നേട്ടമാകുമെങ്കിലും ഹൈഫ ലക്ഷ്യമാക്കിയും ഹൂതികള്‍ ആക്രമണം നടത്തുന്നു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

സൂയസ് കനാല്‍ വഴിയുള്ള ചരക്കുകള്‍ ഇസ്രായേലിലേക്ക് എത്തുന്നത് എയ്ലാത്ത് തുറമുഖത്തിലൂടെ ആയിരുന്നു. അഷ്‌കലോണിലേക്കുള്ള പൈപ്പ് ലൈനും ഇവിടെ നിന്നുണ്ട്. മെഡിറ്ററേനിയന്‍ മേഖലയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നത് ഈ പൈപ്പ് ലൈന്‍ വഴിയാണ്. 2023 മുതല്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം എല്ലാ പ്രവര്‍ത്തനവും അവതാളത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച എയ്ലാത്തിലും നജീവിലും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.

ഇസ്രയേലിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിലെ ആശുപത്രി കെട്ടിടങ്ങള്‍ക്ക് മേലുള്‍പ്പെടെ ഇറാന്‍ മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാനിലെ അരാക്കിലുള്ള ഘനജല ആണവ റിയാക്ടര്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആണവ ചോര്‍ച്ചാഭീഷണയൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

തെക്കന്‍ ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് മേലെയാണ് ഇറാന്‍ മിസൈലുകള്‍ പതിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇറാന്‍ ആക്രമണത്തില്‍ ആശുപത്രിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചതായും സൊറോക്ക മെഡിക്കല്‍ സെന്റര്‍ വക്താവ് വ്യക്തമാക്കിയിരുന്നു. ഇറാന്‍ ആക്രമണത്തില്‍ കുറഞ്ഞത് 32 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രയേല്‍ എമര്‍ജന്‍സി സര്‍വീസ് പറയുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മുപ്പത് പേര്‍ക്ക് നിസാര പരുക്കുകളുമാണ് ആ സമയത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.

തെക്കന്‍ ഇസ്രയേല്‍ മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായിരുന്നു ആക്രമിക്കപ്പെട്ട ആശുപത്രി. ആയിരത്തിലധികം കിടക്കകളുള്ള ആശുപത്രി പത്ത് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന പ്രദേത്താണ് സ്ഥിതിചെയ്യുന്നത്. ഇറാന്‍ ആക്രമണത്തില്‍ ആശുപത്രി കെട്ടിടത്തിന് സമീപത്തെ മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രയേലിലെ സൈനിക , രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചിരുന്നു. ഇസ്രയേല്‍ ആര്‍മി കമാന്‍ഡ്, ഇന്റലിജന്‍സ് ആസ്ഥാനം, സൈനിക രഹ്യാന്വേഷണ ക്യാംപ് സ്ഥിതിചെയ്യുന്ന ഗവ്-യാം ടെക്നോളജി പാര്‍ക്ക് എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Back to top button
error: