ആഡംബരം, സുരക്ഷ, സര്‍വസ്വാതന്ത്ര്യം: ദാവൂദ് മുതല്‍ ഭട്കല്‍ സഹോദരന്‍മാര്‍വരെ; പാകിസ്താന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി സൂക്ഷിക്കുന്നത് കൊടും ഭീകരരെ; പറയുമ്പോള്‍ വീട്ടു തടങ്കലില്‍, സുരക്ഷയ്ക്കു സൈന്യവും; ആവര്‍ത്തിച്ചുള്ള വാദം പൊളിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇസ്ലമാബാദ്: ഭീകരാക്രമണങ്ങളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത മസൂദ് അസറും ഹാഫിസ് സയീദുമടക്കം നിരവധി ഭീകരര്‍ പാക് സര്‍ക്കാരിന്റെ സുരക്ഷയില്‍ ജീവിക്കുന്നെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കു ദശലക്ഷക്കണക്കു രൂപയുടെ സുരഷാ സംവിധാനങ്ങളും സംരക്ഷണയും പ്രവര്‍ത്തനങ്ങള്‍ക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര്‍ പാകിസ്താനിലില്ലെന്നും ഇവരെപ്പറ്റി കൃത്യമായ വിവരം നല്‍കിയാല്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്ന് അടുത്തിടെ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നത്.
ഠ ഹാഫിസ് സയീദ്
ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണ് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ലാഹോറില്‍ സായുധ സൈന്യത്തിന്റെ കാവലിലാണു ജീവിക്കുന്നത്. ഇയാള്‍ വീട്ടു തടങ്കലിലാണെന്ന ബിലാവല്‍ ഭൂട്ടോയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണിത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ഒളിയിടങ്ങള്‍ തകര്‍ത്തെങ്കിലും നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്.
ഠ മസൂദ് അസര്‍
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ അടുത്തിടെയാണു പാകിസ്താനിലെ ബഹാവല്‍പുര്‍ പള്ളിയില്‍ തീവ്രവാദത്തിനു പണം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി പരസ്യ ആഹ്വാനം നടത്തിയത്.2019ല്‍ ഇയാളെ ഐക്യരാഷ്ട്ര സഭ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. പോരാട്ടത്തിനു തയറാറെടുത്ത 30,000 പോരാളികളുണ്ടെന്നും അതില്‍ 10,000 പേര്‍ ജീവന്‍ പോലും കൊടുക്കാന്‍ തയാറാണെന്നും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പറഞ്ഞതാണ് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഒടുവിലത്തെ സംഭവം.
‘മുജാഹിദിന് നല്‍കുന്ന ഫണ്ടുകള്‍ ജിഹാദിന് ഉപയോഗിക്കും. വലിയ മതനേതാക്കള്‍ക്കൊപ്പം പാകിസ്താനു മുജാഹിദിന്റെ അനുഗ്രഹവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഫിദായീന്‍ (പോരാളി)മാരുണ്ട്. ഒരു സേനയ്ക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല’- ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന് 2001-ലെ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുമായി ബന്ധമുണ്ട്. കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനാണ് 1999ല്‍ ഇയാളെ ഇന്ത്യക്കു വിട്ടു നല്‍കേണ്ടിവന്നത്.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ ശക്തമായ തിരിച്ചടിക്കുശേഷം നിഷ്ട്രീയമായ സംഘടനയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഓഡിയോ ക്ലിപ്പെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അമര്‍നാഥ് യാത്ര നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിഴല്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പാകിസ്താന്റെ ശ്രമമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘അസറിന്റെ പരാമര്‍ശം വെറും വീരവാദമായി കാണാനാകില്ലെന്നും വിദേശ അനുഭാവികളില്‍നിന്നടക്കം ഹവാലവഴിയിലൂടെ പണം സമ്പാദിക്കാനുള്ള നീക്കമാണെന്നും റാവല്‍പിണ്ടി, ലാഹോര്‍, ഗള്‍ഫ് മേഖലകളിലെ ഭീകരവാദ ധനസഹായ ശൃംഖലകള്‍ സജീവമാക്കാനുള്ള സമീപകാലത്തെ ഇടപെടലുകളുമായി ചേര്‍ത്തു വായിക്കണമെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ ഏജന്‍സികള്‍ അസ്ഹറിനെപ്പോലെ നിര്‍ജീവമായിപ്പോയ വ്യക്തികളെ വീണ്ടും ഉപയോഗിക്കാനുള്ള ശ്രമമാണു നടത്തുന്നത്. പോരാളികളെ മഹത്വവത്കരിക്കുന്നതു പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍നിന്നുള്ള മാറ്റമായിട്ടാണു വിലയിരുത്തുന്നത്. നുഴഞ്ഞുകയറ്റത്തിനു പകരം ഒറ്റപ്പെട്ട വ്യക്തികളെ ഉപയോഗിച്ച് സൂയിസൈഡ് ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. തെക്കന്‍ പഞ്ചാബിലും പാക് അധിനിവേശ കശ്മീരിലും വീണ്ടും സജീവമായ മദ്രസ ശൃംഖലകളെ തീവ്രവാദികള്‍ ആശ്രയിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്’- ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭ ഭീകരരായി പ്രഖ്യാപിച്ചവരുടെ പോലും സന്ദേശങ്ങള്‍ പള്ളികളില്‍ പ്രചരിപ്പിക്കുന്നു. ഇതു ഭരണകൂട പങ്കാളിത്തത്തിന്റെ തെളിവാണ്. പള്ളികളിലെ ഉച്ചഭാഷിണികളാണ് തീവ്രവാദികള്‍ പരസ്യ ആഹ്വാനത്തിന് ഉപയോഗിക്കുന്നത്. മസൂദ് അസ്ഹര്‍, ലഷ്‌കറെ തോയ്ബ നേതാവ് ഹാഫിസ് സയീദ് എന്നിവരെ കൈമാറണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സ്വന്തം മണ്ണില്‍ ഭീകരവാദം ഉയര്‍ന്നിട്ടും പാകിസ്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ ആരോപിക്കുന്നു.
ഠ സാക്കിയൂര്‍ റഹ്‌മാന്‍ ലഖ്‌വി
മറ്റൊരു ലഷ്‌കര്‍ നേതാവായ സാക്കിയൂര്‍ റഹ്‌മാന്‍ ലഖ്‌വിയും പാകിസ്താനില്‍ സ്വതന്ത്ര വിഹാരത്തിലാണ്. മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളാണിയാള്‍. ഇയാളെ പാകിസ്താന്‍ ജയിലിലടച്ചെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. 2020ല്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സ് പാകിസ്താനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കടുത്ത സമ്മര്‍ദത്തിലായപ്പോള്‍ താത്കാലിക നടപടികള്‍ ഇയാള്‍ക്കെതിരേ സ്വീകരിച്ചതൊഴിച്ചാല്‍ മറ്റൊന്നുമുണ്ടായിട്ടില്ല.
ഇയാള്‍ക്കിപ്പോള്‍ പാക് പഞ്ചാബിലും ഇസ്ലാമാബാദിലും സ്വന്തമായ വിലാസമുണ്ട്. പാക് സൈന്യത്തിന്റെ സുരഷയ്‌ക്കൊപ്പം ചൈനയുടെ പിന്തുണയുമുണ്ട്. ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തിനു തടയിട്ടതു ചൈനയായിരുന്നു.
ഠ സയ്യിദ് സലാഹുദീന്‍
ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദീന്‍ കശ്മീര്‍ താഴ്‌വരെ ശവപ്പറമ്പാക്കുമെന്നു പ്രഖ്യാപിച്ചയാളാണ്. അമേരിക്കയും ഇന്ത്യയും ഇയാളെ ഒരുപോലെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയില്‍ നിരന്തരം ആക്രമണത്തിന് ഇയാള്‍ ആഹ്വാനവും ചെയ്തിട്ടുണ്ട്.
ഠ ദാവൂദ് ഇബ്രാഹിം
ഇന്ത്യന്‍ പൗരനായിരുന്ന ദാവൂദിനും അഭയം നല്‍കിയിരിക്കുന്നത് പാകിസ്താനാണ്. കറാച്ചി കേന്ദ്രമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. പാക് സര്‍ക്കാരിന്റെ സുരക്ഷയും ഇയാള്‍ക്കുണ്ട്. ഡി-കമ്പനിയെന്ന പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്നു കടത്തിനും നേതൃത്വം നല്‍കുന്ന ദാവൂദ്, 1993ലെ മുംബൈ ആക്രമണത്തിലും പ്രധാന സൂത്രധാരനാണ്. എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള ഇയാള്‍ക്ക് 25 ദശലക്ഷം ഡോളാണ് വിലയിട്ടിട്ടുള്ളത്.
ഠ ഭട്കല്‍ ബ്രദേഴ്‌സ്
കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇഖ്ബാല്‍, റിയാസ് ഭട്കല്‍ എന്നിവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകരാണ്. ഇഖ്ബാല്‍ ബോംബ് വിദഗ്ധനാണ്. റിയാസാണ് സംഘടനയുടെ വരുമാന സ്രോതസ്. ഇരുവര്‍ക്കും ഇന്ത്യയില്‍ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നാണു വിവരം.
ഠ ഭീകരവാദികള്‍ക്ക് ഒരു ക്ഷാമവുമില്ല
പാിക്‌സതാനില്‍ ഭീകരര്‍ക്ക് ഒരു ക്ഷാമവുമില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് അബ്ദുള്‍ റൗഫ് അല്ലെന്നും മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നത് ഇതുമായി കൂട്ടി വായിക്കണം. റൗഫിന്റെ ചിത്രമടക്കം ഇന്ത്യ തെളിവായി പുറത്തുവിട്ടിരുന്നു. ‘അത് അബ്ദുള്‍ റൗഫ് അല്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. പക്ഷേ, ഒരുദശലക്ഷം അബ്ദുള്‍ റൗഫുമാരെങ്കിലും ഇവിടെയുണ്ട്’ എന്നായിരുന്നു ഹിനയുടെ പ്രതികരണം.
എന്നാല്‍, ‘റൗഫിന്റെ 352025400413-9 എന്ന ഐഡി അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ടയാളുടെ അതേ ഐഡിയാണ്. അതേയാള്‍തന്നെയാണ് ഇയാളെന്ന് രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമെന്ന നിലയില്‍ പുറത്തുവിട്ട ഐഡിയിലുമുണ്ടല്ലോ’ എന്ന ചോദ്യത്തില്‍ ഹിന പതറി. പാകിസ്താന്‍ സൈന്യം സംരക്ഷിക്കുന്നത് അമേരിക്ക പുറത്തുവിട്ട പട്ടികയിലെ അതേയാളെ അല്ല എന്ന് ഒഴികഴിവു പറയുകയായിരുന്നു അവര്‍.
ചിത്രം പുറത്തുവന്നത് വിവാദമായതോടെ ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറലും വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഇദ്ദേഹം റൗഫ് അല്ലെന്നും പാകിസ്താന്‍ മര്‍ക്കാസി മുസ്ലിം ലീഗിന്റെ അംഗം മാത്രമാണെന്നും ലാഹോറില്‍ കുടുംബത്തോടൊപ്പമാണു താമസിക്കുന്നതെന്നുമായിരുന്നു ജനറല്‍ അഹമ്മദ് ഷെരീഫിന്റെ വാദം. എന്നാല്‍, അന്ന് ഇദ്ദേഹം പുറത്തുവിട്ട ഐഡിയും 352025400413-9 തന്നെയായിരുന്നു. സിഎം 1074131, എ 7523531 എന്നീ പഴയ പാസ്‌പോര്‍ട്ട് നമ്പരുകളും അമേരിക്ക പുറത്തുവിട്ടിരുന്നു.
ഐക്യരാഷ്ട്ര സഭ ഭീകരവാദിയായി പ്രഖ്യാപിച്ചയാള്‍ക്കു പാക് സൈന്യം സുരക്ഷ നല്‍കുന്നതിന്റെ ചിത്രം വലിയ വിവാദമായിരുന്നു. ഇവര്‍ക്ക് ഇപ്പോഴും പാകിസ്താനിലുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഐഎസ്പിആറിന്റെ തലവന്റെ പിതാവിന് അല്‍ ക്വയ്ദയുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. luxury-immunity-and-terror-how-pakistan-shelters-india-s-most-wanted






