വിപണി വീണ്ടും താഴേക്ക്; സെന്‍സെക്സ് 82,000 നു താഴെ; ആക്സിസ് ബാങ്കും ഷോപ്പേഴ്സ് ബാങ്കും നഷ്ടത്തില്‍; റൂട്ട് മൊബൈല്‍ ഓഹരി വിലയില്‍ കുതിപ്പ്

മുംബൈ: വിപണി വീണ്ടും താഴ്ചയിലേക്കു നീങ്ങുകയാണ്. തുടക്കത്തില്‍ ചാഞ്ചാടിയ ശേഷം വിപണി ക്രമമായി താഴ്ന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് നിഫ്റ്റി 90 പോയിന്റ് നഷ്ടത്തിലായി. സെന്‍സെക്സ് 82,000 നു താഴെ എത്തി. ബാങ്ക്, ധനകാര്യ ഓഹരികളും ഇന്നു നല്ല താഴ്ചയിലാണ്. തുടക്കത്തില്‍ ഉയര്‍ന്നു നീങ്ങിയ മിഡ് ക്യാപ് 100 സൂചികയും നഷ്ടത്തിലേക്കു മാറി.
പ്രശ്നകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നു വകയിരുത്തല്‍ കൂടുകയും ലാഭം കുറയുകയും ചെയ്ത ആക്സിസ് ബാങ്ക് ഓഹരി രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു. നുവാമ ലക്ഷ്യവില 6030 രൂപയാക്കി ഉയര്‍ത്തിയ എച്ച്ഡിഎഫ്സി എഎംസി രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ഒന്നാം പാദ വരുമാനം കുറവായിട്ടും റൂട്ട് മൊബൈല്‍ ഓഹരി വില മൂന്നു ശതമാനത്തോളം കയറി.
ഡാറ്റാ വരുമാനം അടക്കം റവന്യൂവില്‍ നല്ല വളര്‍ച്ച കാണിക്കുകയും കട ബാധ്യത കുറയ്ക്കുകയും ചെയ്ത ടാറ്റാ കമ്യൂണിക്കേഷന്‍സ് ഓഹരി നാലു ശതമാനം മുന്നേറി. വിറ്റുവരവ് 8.58 ശതമാനം കൂടുകയും നഷ്ടം 30 ശതമാനം കുറയ്ക്കുകയും ചെയ്ത ഷോപ്പേഴ്സ് സ്റ്റോപ്പ് അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ദീര്‍ഘകാല ചെയര്മാന് ബി.എസ്. നാഗേഷ് മാറി. പകരം ഗ്രേ ഗ്രൂപ്പ് എന്ന പരസ്യ ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നിര്‍വിക് സിംഗ് ചെയര്‍മാനായി.
മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം കുതിച്ച ലെ ട്രെവന്യൂ ടെക് ഇന്നു മൂന്നു ശതമാനം താഴ്ന്നു. തിളക്കമില്ലാത്ത ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് എല്‍ ആന്‍ഡ് ടി മൈന്‍ഡ്ട്രീ രണ്ടു ശതമാനം ഇടിഞ്ഞു. സിമന്റ് വില്പനയുടെ അളവ് ആറു ശതമാനം വര്‍ധിപ്പിച്ച നുവാേകോ വിസ്താസ് ഓഹരി ഏഴു ശതമാനം കുതിച്ചു.
രൂപ ഇന്നും താഴ്ന്നു. ഡോളര്‍ അഞ്ചു പൈസ കൂടി 86.13 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.00 രൂപയിലേക്കു താഴ്ന്നിട്ട് 86.12 ല്‍ തിരിച്ചെത്തി. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3336 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 40 രൂപ കൂടി 72,880 രൂപയായി. ക്രൂഡ് ഓയില്‍ വില സാവധാനം താഴുന്നു. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 69.41 ഡോളര്‍ ആയി കുറഞ്ഞു.






