Breaking NewsIndiaLead NewsNEWS

‘എന്റെ വഴി തടയാൻ ശ്രമിച്ചു, അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല’!! രക്തസാക്ഷികളുടെ ശവകുടീരത്തിൽ പ്രവേശിക്കുന്നത് വിലക്കി ​ഗവർണർ, മതിൽച്ചാടി കടന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ: 1931 ജൂലൈ 13 ലെ വെടിവെപ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരമർപ്പിക്കാനുള്ള ശ്രമം തടഞ്ഞതിനാൽ മതിൽച്ചാടി കടന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവർണറുടെ നടപടിയെ വെല്ലുവിളിച്ചാണ് ഒമർ മതിൽ ചാടിയത്‌. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദർശിക്കാനെത്തിയ ഒമർ അബ്ദുള്ളയെയും സംഘത്തെയും പോലീസ് തടയുകയായിരുന്നു. പക്ഷെ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമർ അബ്ദുള്ള ചാടിക്കടന്നു.

സംഭവത്തിന്റെ വീഡിയോ ഒമർ അബ്ദുള്ള തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. 1931 ജൂലൈ 13-ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും ഫാത്തിഹ അർപ്പിക്കുകയും ചെയ്തു. എന്റെ വഴി തടയാൻ ശ്രമിച്ചു, നൗഹട്ട ചൗക്കിൽ നിന്ന് നടന്നെത്താൻ നിർബന്ധിതനായി. നഖ്ഷ്ബി സാഹിബ് ദർഗയിലേക്കുള്ള ഗേറ്റ് അവർ അടച്ചതിനാൽ മതിൽ കയറാൻ നിർബന്ധിതനായി. അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല- ഒമർ തന്റെ പോസ്റ്റിൽ പറയുന്നു.

Signature-ad

പക്ഷെ മറ്റൊരു വീഡിയോയിൽ ഖബർസ്ഥാനിൽ വച്ച് തന്നെ മർദ്ദിച്ചതായി പറയുന്ന മറ്റൊരു വീഡിയോയും ഒമർ അബ്ദുള്ള പങ്കുവെച്ചിട്ടുണ്ട്. ഇത് എനിക്ക് നേരെയുണ്ടായത് ശാരീരിക പീഡനമാണ്, എന്നെ തടയാൻ പാടില്ലായിരുന്നു. നിയമവിരുദ്ധമായ ഒന്നും തന്നെ ചെയ്തിട്ടില്ല. വാസ്തവത്തിൽ നിയമസംരക്ഷകർ എന്ന് പറയുന്നവർ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിഹ അർപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ തടഞ്ഞതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

അതേസമയം 1931ൽ അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാർഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉത്തരവിറക്കിയിരുന്നു. കൂടാതെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന്റെ നേതാക്കളെ മുൻകരുതലെന്ന വിധത്തിൽ വീട്ടുതടങ്കലിലുമാക്കിയിരുന്നു. മുമ്പ് ജൂലൈ 13 സംസ്ഥാനത്ത് അവധി ദിനമായിരുന്നു. എന്നാൽ മനോജ് സിൻഹ പ്രത്യേക വിജ്ഞാപനമിറക്കി ഈ അവധി 2020 ൽ എടുത്തുമാറ്റിയിരുന്നു.

കൂടാതെ ഇത്തവണ ജൂലൈ 13 രക്തസാക്ഷി ദിനാചരണം നടത്തരുതെന്ന് ലഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കി. എന്നാൽ കശ്മീരികളുടെ ജാലിയൻ വാലാബാഗാണ് ജൂലൈ 13ലെ സംഭവമെന്നും അതിന്റെ ആചരണം തടയാനാകില്ലെന്നും ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ജൂലൈ 13ൽ നടന്നത് വർഗീയകലാപമായിരുന്നെന്നും അതിനെ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയായ ജാലിയൻ വാലാബാഗുമായി താരതമ്യം ചെയ്യുന്നതിനെതിരെ ബിജെപി നേതാവ് തരുൺ ചുഗ് രംഗത്ത് വന്നിരുന്നു. ഇത് രക്തസാക്ഷിത്വമല്ല, കലാപത്തെ മഹത്വവത്കരിക്കലാണ്. 1990ൽ കശ്മീരി പണ്ഡിറ്റുകളെ തോക്കിൻമുനയിൽ നിർത്തി നാടുകടത്തിയപ്പോൾ മൗനം പാലിച്ച അതേ പാർട്ടിയുടെ നേതാവിൽ നിന്നാണ് ഈ വാദം വരുന്നതെന്നും തരുൺ ചുഗ് വിമർശിച്ചു.

Back to top button
error: