CrimeNEWS

ഗുണ്ടയുടെ വീട്ടില്‍ ‘ഉണ്ട’; സൂക്ഷിച്ചത് കട്ടിലിനടിയില്‍, ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റു’മായി തൃശൂര്‍ സിറ്റി പൊലീസ്

തൃശൂര്‍: വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന ഗുണ്ടയുടെ വീട്ടില്‍ നിന്ന് രണ്ടു വെടിയുണ്ടകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂര്‍ ചിയ്യാരം ചീരമ്പത്തു സച്ചിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ലൈസന്‍സ് ആവശ്യമുള്ള റിവോള്‍വറില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല.

ആയുധനിയമം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റ്’ എന്ന പേരില്‍ സംഘടിത കുറ്റവാളികള്‍ക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നെടുപുഴ പൊലീസാണ് സച്ചിന്റെ വീടു വളഞ്ഞു പരിശോധന നടത്തിയത്. നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്.

Signature-ad

നെടുപുഴയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സച്ചിനെ തിരയുന്നതിനിടെയാണു പുതിയ സംഭവം. സിറ്റിയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 41 ഗുണ്ടകളുടെ വീടുകള്‍ പരിശോധിച്ചതില്‍ 12 പേരെ അറസ്റ്റ് ചെയ്തു. 10 വര്‍ഷത്തിനിടെ പല കേസുകളില്‍ പ്രതികളായവരാണിവര്‍. ചാവക്കാട് സ്റ്റേഷന്‍ പരിധിയില്‍ പിടിയിലായ ഒരു പ്രതിയില്‍ നിന്നു 300ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 6 പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: