IndiaNEWS

നടി സരോജാ ദേവി അന്തരിച്ചു; ആറു പതിറ്റാണ്ട് നീണ്ട കലാസപര്യ, അരങ്ങേറ്റം 70 വര്‍ഷം മുമ്പ് 17 ാം വയസില്‍

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജാ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരു മല്ലേശ്വലത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.

1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നഡയില്‍ ‘അഭിനയ സരസ്വതി’യെന്നും തമിഴില്‍ ‘കന്നഡത്തു പൈങ്കിളി’ എന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്.

Signature-ad

17-ാം വയസ്സില്‍ 1955-ല്‍ മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കന്നഡയില്‍ കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി. തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ നാടോടി മന്നന്‍, തിരുമണം എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി. ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-ല്‍ പുനീത് രാജ്കുമാര്‍ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

1969-ല്‍ രാജ്യം പദ്മശ്രീ നല്‍കി സരോജാ ദേവിയെ ആദരിച്ചു. 1992-ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റും സരോജാ ദേവിക്ക് ലഭിച്ചിട്ടുണ്ട്.

Back to top button
error: