
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുന്‍എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കോട്ട എന്നറിയപ്പെടുന്ന ശ്രീനിവാസ റാവു ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് ജനിച്ചത്. നാടകപ്രവര്‍ത്തകനായി കലാജീവിതം ആരംഭിച്ച അദ്ദേഹം 1978ല്‍ പുറത്തിറങ്ങിയ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘പ്രതിഘടന’ എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2015 ല്‍ പത്മശ്രീ ലഭിച്ചു. 1999 മുതല്‍ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി എംഎല്‍എയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.






