Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലം; പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിന്? കേരളം ആരോഗ്യ രംഗത്ത് മുന്നില്‍, ആ കരുത്ത് തകര്‍ക്കരുത്: വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ

കോട്ടയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ. നിലവിലെ വിവാദങ്ങളില്‍ മന്ത്രിയുടെ രാജി വയ്‌ക്കേണ്ടതില്ലായെന്ന് ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദത്തില്‍ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തില്‍ ലത്തീന്‍ രൂപതാ വക്താവ് ഫാ. സേവ്യര്‍ കുടിയാംശേരി വ്യക്തമാക്കി.

പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. ഇത് വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമര്‍ശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമര്‍ശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകര്‍ക്കരുതെന്നും ലത്തീന്‍ രൂപതാ വക്താവ് ലേഖനത്തില്‍ പറയുന്നു.

Signature-ad

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീന്‍ സഭയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതിനപ്പുറം ഉണ്ടായിട്ടും രാജി വയ്ക്കാത്ത മന്ത്രിമാരും മുഖ്യമന്ത്രിമാരും നമ്മുക്കുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം

മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണോ?

പക്ഷം / ഫാ. സേവ്യര്‍ കുടിയാംശേരി

യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി കാണുക. അനാവശ്യമായി വിവാദത്തിനുവേണ്ടി വിവാദം ചമയ്ക്കരുത്. നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. ആര്‍ക്കും അഭിപ്രായം പറയാം. അതും വിവേകപൂര്‍വ്വമാകണം. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ അതു സ്റ്റേറ്റിനു വരുത്തുന്ന ഡാമേജ് ചെറുതല്ല. വിദ്യാഭ്യാസ കാര്യത്തിലെന്നതു പോലെ തന്നെ ആരോഗ്യപരിപാലനകാര്യത്തിലും കേരളം മുന്നില്‍ത്തന്നെയാണ്. ആ കരുത്തു തകര്‍ക്കുന്നതാകരുത് നമ്മുടെ വാക്കുകളും പ്രവ്യത്തികളും.

വീണാ ജോര്‍ജ് കേരളത്തിന്റെ ആരോഗ്യവകുപ്പു മന്ത്രിയാണ്. മന്ത്രി രാജിവയ്ക്കണമെന്നാശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കുറെ ദിവസങ്ങളായി സമരത്തിലാണ്. മന്ത്രി എന്തിനു രാജി വയ്ക്കണം എന്നാരെങ്കിലും ചോദിക്കണം. വീണാ ജോര്‍ജ് രാജിവയ്ക്കണ്ടാ എന്നാണ് എന്റെ പക്ഷം. ട്രെയിന്‍ ആക്സിഡന്റുണ്ടായപ്പോള്‍ രാജിവച്ചൊഴിഞ്ഞ വകുപ്പു മന്തിമാരുണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി അതു ബുദ്ധിമോശമാണെന്നാണ് പലരുടേയും അഭിപ്രായം. ഇതും ഇതിനപ്പുറവും ഉണ്ടായിട്ടും രാജിവയ്ക്കാത്ത മന്തിമാരും മന്ത്രിമുഖ്യന്മാരും നമുക്കുണ്ട്.

രാജിവയ്ക്കാതിരിക്കുകയാണ് ഇപ്പോള്‍ നാട്ടു നടപ്പ്. വസ്തുതകള്‍ പരിശോധിച്ചാലും ഇപ്പോഴത്തെ രാജി ആവശ്യം അനാവശ്യമാണെന്ന് നമുക്കു ബോധ്യമാകും. വിവാദങ്ങള്‍ വേവിച്ചു കഞ്ഞികുടിക്കുന്ന കാലമാണിത്. കേരളമാണിതിന് ഒന്നാമത്. ‘ഭാരതാംബ വിവാദം’, ‘സൂംബാ ഡാന്‍സ് വിവാദം’, ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളാ’ തുടങ്ങി പല അര്‍ത്ഥരഹിതമായ കാര്യങ്ങളുമായി വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

അതിനിടയിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ പഴയ ഒരു
കെട്ടിടം തകര്‍ന്നു വീണ് മകളുടെ ചികിത്സയ്ക്കു കൂട്ടിരിപ്പിനുണ്ടായിരുന്ന അമ്മ ബിന്ദു മരിക്കാനിടയായത്. വിവാദക്കാരെല്ലാം മറന്നു പോകുന്ന ഒരു കാര്യമാണ് അപകടമുണ്ടായി അര മണിക്കൂറിനുള്ളില്‍ മന്ത്രി വീണാ ജോര്‍ജ് അവിടെ എത്തിയെന്നത്. പിന്നാലെ മന്ത്രി വി.എന്‍. വാസവനും ആശുപത്രിയിലെത്തി. അവരവിടെ എത്തിയ ഉടനെ ആശുപത്രി സൂപ്രണ്ടും കൂട്ടരും മന്ത്രിമാരെ ധരിപ്പിച്ചത് തകര്‍ന്നത് ആരുമില്ലാത്ത ഒരു പഴയ കെട്ടിടമാണെന്നും മൂന്നു പേര്‍ക്കുപരിക്കുണ്ട് എന്നുമാണ്. ആരെങ്കിലും തകര്‍ന്ന കെട്ടിടത്തിനിടയില്‍പ്പെട്ടുകാണുമെന്ന് ഒരു സൂചനയും കൊടുത്തുമില്ല. മന്ത്രിയത് പത്രക്കാരോടു പറയുകയും ചെയ്തു. അല്ലാതെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞില്ല. ഇനി ആരെയും തിരയേണ്ട എന്നോ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നോ പറഞ്ഞില്ല. സാധാരണ ആരും പറയുന്നത്രയുമേ പറഞ്ഞിട്ടുള്ളു.

നേരാണ് ഒരു മന്ത്രി എന്ന നിലയില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ ആരും കുടുങ്ങിയിട്ടില്ല എന്നുറപ്പു വരുത്തേണ്ടതായിരുന്നു. അവസരത്തിനൊത്ത പക്വത കാട്ടിയില്ല എന്നതു നേരാണ്. അതിനവര്‍ രാജിവയ്ക്കേണ്ടതുണ്ടോ? അപകടത്തില്‍ മരണമടഞ്ഞ ബിന്ദു
വിന്റെ കുടുംബത്തിനുണ്ടായ തീരാനഷ്ടം ആവുന്നത്ര പരിഹരിക്കാന്‍ ശ്രമിക്കണം. ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന ചര്‍ച്ചകളും സമരങ്ങളുമെല്ലാം ശ്രദ്ധിച്ചാല്‍ രാഷ്ട്രീയ പ്രേരിതമാണെന്നു മനസ്സിലാകും.

ഇതിനിടെ മന്ത്രി സജി ചെറിയാന്‍ പറഞ്ഞ കാര്യവും വിവാദമാക്കി. അദ്ദേഹം വളരെ സ്വാഭാവികമായി സംഭവിച്ച കാര്യം പങ്കുവയ്ക്കുകയായിരുന്നു. അദ്ദേഹ
ത്തിനു ചിക്കുന്‍ഗുനിയ വന്നപ്പോള്‍ സര്‍ക്കാരാശുപത്രിയില്‍ പോയി. അവിടുന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അവിടെ പോയി സുഖം പ്രാപിച്ചു. ഇതൊരു സ്വാഭാവിക കാര്യം മാത്രമാണ്. അതും വിവാദമാക്കി. മന്ത്രി സര്‍ക്കാര്‍ ആശുപത്രിയെ തള്ളിപ്പറഞ്ഞു എന്നും സ്വകാര്യആശുപത്രിയെ പുകഴ്ത്തിപ്പറഞ്ഞു എന്നും വ്യാഖ്യാനം വന്നു. വാസ്തവത്തില്‍ കേരളത്തിന്റെ ആരോഗ്യ സംരക്ഷണ കാര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളും പ്രൈവറ്റ് ആശുപത്രികളും ചേര്‍ന്നല്ലേ നോക്കുന്നത്. അത്തരമൊരു വിശാല വീക്ഷണമില്ലാത്തവരാണ് സജി ചെറിയാന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.

യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി കാണുക. അനാവശ്യമായി വിവാദത്തിനുവേണ്ടി വിവാദം ചമയ്ക്കരുത്. നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. ആര്‍ക്കും അഭിപ്രായം പറയാം. അതും വിവേകപൂര്‍വ്വമാകണം. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ അതു സ്റ്റേറ്റിനു വരുത്തുന്ന ഡാമേജ് ചെറുതല്ല. വിദ്യാഭ്യാസ കാര്യത്തിലെന്നതു പോലെ തന്നെ ആരോഗ്യപരിപാലനകാര്യത്തിലും കേരളം മുന്നില്‍ത്തന്നെയാണ്. ആ കരുത്തു തകര്‍ക്കുന്നതാകരുത് നമ്മുടെ വാക്കുകളും പ്രവ്യത്തികളും. മന്ത്രി രാജിവയ്ക്കുകയല്ല വന്നുപോയ അശ്രദ്ധകള്‍ക്കു ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

വാല്‍ക്കഷണം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടിയന്തിര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നു. ഈ ദിവസങ്ങളില്‍ത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു യാത്രയായതും പ്രതിപക്ഷത്തിനു പ്രകോപന കാര്യമായിട്ടുണ്ട് എന്നതും വസ്തുതയാണ്.

 

 

Back to top button
error: