KeralaNEWS

തരൂരിന് മുന്നണിയിലും പിന്തുണ നഷ്ടമാകുന്നു; കൈവിട്ട് ലീഗും ആര്‍എസ്പിയും; കോണ്‍ഗ്രസിനും വിമര്‍ശനം

തിരുവനന്തപുരം: സമീപകാല പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മൂലം ശശി തരൂര്‍ എംപിക്ക് യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ കൂടി നഷ്ടമാകുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണച്ചിരുന്ന മുസ്ലിം ലീഗും ആര്‍എസ്പിയും ശശി തരൂരിനെതിരെ പരസ്യമായി രംഗത്തെത്തി. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തുകൊണ്ടുള്ള തരൂരിന്റെ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് ഘടകകക്ഷികളുടെ അപ്രീതിക്ക് ഇടയാക്കിയത്.

ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ തരൂര്‍ പങ്കെടുത്തതാണ് അതിലൊന്ന്. ഇതേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശശി തരൂരിന്റെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് തരൂര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

‘ശശി തരൂരിന്റെ ചില പ്രവൃത്തികളില്‍ മുസ്ലീം ലീഗിന് കടുത്ത വിയോജിപ്പുണ്ട്. കുറച്ചുകാലമായി തരൂര്‍ ഇതു തുടരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.’ പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുന്നത് തടയാന്‍ സംസ്ഥാനത്തെ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചപ്പോള്‍, ലീഗ് അദ്ദേഹത്തിന് മികച്ച പിന്തുണയാണ് നല്‍കിയിരുന്നത്.

2023-ല്‍, ലീഗ് നേതൃത്വം തരൂരിനെ പലസ്തീന്‍ അനുകൂല റാലിയിലേക്ക് ക്ഷണിച്ചു. അതില്‍ വെച്ച് ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി തരൂര്‍ പരാമര്‍ശിച്ചത് ലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. ജൂണ്‍ 27-നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഇസ്രയേല്‍ പ്രതിനിധി വിരുന്ന് ഒരുക്കിയത്. ഇറാനുമായുള്ള യുദ്ധത്തിലും ഗാസയ്‌ക്കെതിരായ ആക്രമണത്തിലും ഇസ്രയേലിന് ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതിനാണ് വിരുന്ന് സംഘടിപ്പിച്ചത്.

വിരുന്നിലേക്ക് ക്ഷണിച്ചവരില്‍ ശശി തരൂരിനെ കൂടാതെ ബിജെപി നേതാക്കളായ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിലെ പ്രണിതി ഷിന്‍ഡെ, ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രണിതി ഷിന്‍ഡെയും ദീപേന്ദര്‍ സിങ് ഹൂഡയും വിരുന്നില്‍ നിന്നും വിട്ടുനിന്നപ്പോള്‍, ശശി തരൂര്‍ പങ്കെടുത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്.

 

 

Back to top button
error: