KeralaNEWS

ആകെ 24 മണിക്കൂറല്ലേ ഉള്ളൂ, ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവര്‍ത്തിക്കേണ്ടത്? മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍ സമയം കണ്ടെത്തണമെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേ ഉള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഇതില്‍ വേറെ എങ്ങനെയാണ് സമയം കണ്ടെത്തുക. ഉറങ്ങുന്ന സമയത്താണോ പിന്നെ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?- ജിഫ്രി തങ്ങള്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറുപടികളൊക്കെ മാന്യമായി വേണം പറയാന്‍, ആരു പറയുകയാണെങ്കിലും… മനസ്സിലായില്ലേ. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Signature-ad

ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലര്‍ക്കും പറയാം. അതു ശരിയല്ല. ഇത് വലിയ ഒരു സമൂഹത്തിന്റെ ആവശ്യമല്ലേ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ മന്ത്രിസഭ, ഭരണം എന്നൊക്കെ പറയണതുള്ളത്. സമുദായങ്ങളല്ലേ ഇവിടെ വോട്ടു ചെയ്യുന്നത്. എല്ലാ സമുദായത്തിന്റെയും പ്രശ്നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങളല്ലേ പറയുക. അതില്‍ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.’

ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് ഞങ്ങള്‍ നിവേദനം കൊടുത്തിട്ടുള്ളത്. അയാളാണ് ഇനി മറുപടി പറയേണ്ടത്. മന്ത്രി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. സ്‌കൂള്‍ സമയമാറ്റം ആവശ്യപ്പെട്ടതില്‍ സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് വിളിച്ചുകൂടേ, അങ്ങനെ അവഗണിക്കാന്‍ സാധിക്കുമോ?, വലിയ സമൂഹമല്ലേ എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചോദിച്ചു. മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നു. ചര്‍ച്ചയുടെ സാഹചര്യത്തില്‍ മാന്യമായ സമീപനം സമസ്തയും കാണിക്കും. ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം ഉണ്ടാകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

Back to top button
error: