സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക; അതൃപ്തി പുകയുന്നു; അബ്ദുള്ളക്കുട്ടി പിന്നാലെ ഗ്രൂപ്പില്‍നിന്ന് ‘ലെഫ്റ്റ്’ അടിച്ച് പി.ആര്‍. ശിവശങ്കരന്‍; ആര്‍ക്കും പരാതിയില്ലെന്ന് എം.ടി. രമേശ്

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍- വി. മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ 10 വൈസ് പ്രസിഡന്റുമാരുണ്ട്. എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്.സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍. പട്ടികയില്‍ ആവശ്യമായ കൂടിയാലോചന നടന്നെന്നും ആര്‍ക്കും പരാതിയില്ലെന്നും എം.ടി.രമേശ് പ്രതികരിച്ചു.
ആര്‍.ശ്രീലേഖയ്ക്കും ഷോണ്‍ ജോര്‍ജിനും പുറമേ ബി. ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍, സി.സദാനന്ദന്‍, പി.സുധീര്‍, ഡോ.അബ്ദുല്‍സലാം, കെ.സോമന്‍, കെ.കെ.അനീഷ്‌കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ.കൃഷ്ണദാസ് ട്രഷററായി. ഭാരവാഹിപ്പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും, ഭാരവാഹികള്‍ മാത്രമല്ല പാര്‍ട്ടിയെന്നും ശോഭ സുരേന്ദ്രനും പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനസംഘടനയാണിത്. നേരത്തേ സംസ്ഥാന നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലടക്കം മേധാവിത്വമുണ്ടായിരുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന് പുതിയ പട്ടിക കനത്ത തിരിച്ചടിയാണ്. എതിര്‍പക്ഷത്തെ പി.കെ.കൃഷ്ണദാസ് വിഭാഗത്തിന് നല്ല പരിഗണന ലഭിക്കുകയും ചെയ്തു.
പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്നു സൂചന. ബിജെപി സംസ്ഥാന പാനലിസ്റ്റ് ഗ്രൂപ്പില്‍നിന്ന് പി.ആര്‍. ശിവശങ്കര്‍ ലെഫ്റ്റടിച്ചു. പുതിയ ഭാരവാഹി പട്ടികയില്‍ മുഖ്യ വക്താവാകുമെന്ന് കരുതിയിരുന്ന നേതാവാണ് പി.ആര്‍. ശിവശങ്കര്‍. കോഴിക്കോട്ടുനിന്നുള്ള ടി.പി. ജയചന്ദ്രനാണ് മുഖ്യ വക്താവായി പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചത്. ഇതിലെ അതൃപ്തിയാണ് ശിവശങ്കര്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തേ അബ്ദുള്ളക്കുട്ടിയും ഭാരവാഹി യോഗത്തില്‍നിന്ന് ലെഫ്റ്റ് അടിച്ചത്.






