Breaking NewsKeralaLead NewsNEWSSocial MediaTRENDING

ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആര്‍ വര്‍ക്കിന്; ഗുരുതരമായ ആരോപണങ്ങളുമായി സന്ദീപ് വാര്യര്‍; ‘മുരളീധരന്റെ ഭാര്യയുടെ എന്‍ജിഒയില്‍ അന്വേഷണം വേണം’

തിരുവനന്തപുരം: ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മൽഹോത്ര കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംഭവത്തിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

ജ്യോതി മൽഹോത്രക്കൊപ്പമുള്ള വി മുരളീധരന്‍റെ വന്ദേഭാരത് യാത്ര വിവാദത്തിൽ വി മുരളീധരന്‍റെ ശരീരഭാഷ തന്നെ പ്രതിരോധത്തിലായതിന്‍റെ സൂചനയുണ്ടെന്ന് സന്ദീപ് വാര്യര്‍ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.ജ്യോതി മൽഹോത്രയെ വന്ദേ ഭാരത ഉദ്ഘാടനത്തിലേക്ക് എത്തിച്ചതിൽ ഇടപെട്ടത് ഡൽഹിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകനാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.

Signature-ad

ബിജെപിയാണ് ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള പാസ് നൽകിയത്. വി.മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്? അന്വേഷണത്തിന് തയ്യാറാകണമെന്നും വി.മുരളീധരന്‍റെ ഭാര്യയുടെ എൻ.ജി.ഒയിൽ അന്വേഷണം വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ജ്യോതി മൽഹോത്രയെ എത്തിച്ചത് വി.മുരളീധരന്‍റെ പിആര്‍ വര്‍ക്കിനുവേണ്ടിയാണ്. ഡിആർഡിഒയിൽ അരുൺ രവീന്ദ്രൻ എന്നയാൾക്ക് ഐ ഡി കാർഡ് അനധികൃതമായി നൽകി. വി.മുരളീധരന്‍റെ ഭാര്യയുടെ എൻജിഒ സഹായിയാണ് അരുൺ രവീന്ദ്രൻ. ഒരു കേസിൽ ജയിലിലായ അരുൺ രവീന്ദ്രൻ ജാമ്യത്തിലിറങ്ങിയ ശേഷം എവിടെപ്പോയി? ജീവനോടെയുണ്ടോ? ഇക്കാര്യത്തിൽ വി.മുരളീധരൻ മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. നേരത്തെയും വിഷയത്തിൽ വി മുരളീധരനെതിരെ സന്ദീപ് വാര്യര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

ആവർത്തിച്ചു പറയുന്നു, വന്ദേ ഭാരത ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകൾ നൽകിയത് ബിജെപി ഓഫീസിൽ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവർക്കാണ് പാസുകൾ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികൾക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ.മുരളീധരൻ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പി ആർ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.

ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്നും കാസർകോട് എത്തിച്ചത് ഡൽഹി കേന്ദ്രീകരിച്ച് മാധ്യമപ്രവർത്തകനായിരുന്ന , മറ്റുപല കേസുകളിലും ആരോപണ വിധേയനായ , സംഘപരിവാർ നേതൃത്വത്തിലെ പലർക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ? ഇദ്ദേഹത്തിൻറെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ ?

മുരളീധരന്റെ പി ആർ വർക്കിന് വേണ്ടിയാണോ ജ്യോതി മൽഹോത്ര കാസർകോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസർകോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മൽഹോത്ര എത്തിച്ചേരണമെങ്കിൽ അതിന് പിറകിൽ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം ?

വി മുരളീധരൻ മന്ത്രി ആയിരിക്കുമ്പോൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളിൽ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളിൽ ഡിജിറ്റൽ തെളിവുകളടക്കം പുറത്തു വരാനിരിക്കുകയാണ്.

വി മുരളീധരന്റെ മുഖം കണ്ടാൽ അറിയാം , അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നൽകിയത് ആരെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോൾ ജ്യോതി മൽഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്പോർട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതൽ പറയിപ്പിക്കരുത്.

Back to top button
error: