
കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കുകളാണിത്. ഇതേകാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മദ്യവില്‍പ്പനയുടെ നികുതിയിനത്തില്‍ നല്‍കിയത് 14,821.91 കോടി രൂപ.
സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ 24.75 ലക്ഷം ലിറ്റര്‍ മദ്യം ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിനുപുറമേ 763.07 കോടി രൂപയുടെ മദ്യം പുറത്തുനിന്ന് വാങ്ങി.
രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2025 മാര്‍ച്ച് 31 വരെ ബാര്‍ ലൈസന്‍സ് ഫീസിനത്തില്‍ ഖജനാവില്‍ ലഭിച്ചത് 1225.70 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് നിലവില്‍ ബാര്‍ ലൈസന്‍സ് ഫീസ്. എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം. 304.07 കോടി രൂപ. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍നിന്ന് യഥാക്രമം 156.15 കോടി രൂപയും 134.43 കോടി രൂപയും ലഭിച്ചു.
ബാര്‍ ലൈസന്‍സുള്ള 45 ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. ഇവയുടെ ഫീസിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 41.85 കോടി രൂപയാണ്. 19 ഇന്ത്യന്‍നിര്‍മിത വിദേശമദ്യ നിര്‍മാണശാലകളാണ് സംസ്ഥാനത്തുള്ളത്. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.






