
തിരുവനന്തപുരം: രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷാ (66) എന്നയാളെ പോലീസ് വീണ്ടും ചോദ്യംചെയ്യും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ഇയാള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരേന്ദ്രഷായില്‍നിന്നു പിടിച്ചെടുത്ത കണ്ണടയും മൊബൈലും പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കു കൈമാറി.
കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതും മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതുമാണ് പോലീസ് പരിശോധിക്കുന്നത്.
ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് രഹസ്യക്യാമറയുമായി ഇയാള്‍ ഞായറാഴ്ച ശ്രീകോവിലിനു മുന്നില്‍വരെയെത്തിയത്. കണ്ണടയില്‍ ലൈറ്റ് മിന്നുന്നതുകണ്ട ക്ഷേത്രജീവനക്കാരനാണ് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കല്‍മണ്ഡപത്തില്‍ വെച്ചായിരുന്നു സംഭവം.
ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയതാണെന്നും കൗതുകം കൊണ്ടുമാത്രം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതെന്നുമാണ് ഇയാള്‍ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സുരേന്ദ്രഷാ ഗുജറാത്തിലേക്കു മടങ്ങിപ്പോയി. ഫൊറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ പങ്കുെവച്ചതായി കണ്ടെത്തിയാല്‍ വീണ്ടും വിശദമായി ചോദ്യംചെയ്യുമെന്നും ഫോര്‍ട്ട് സിഐ ശിവകുമാര്‍ പറഞ്ഞു.
അതേസമയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിഷ്കരിച്ച ദര്‍ശനരീതി സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പ്രത്യേക പാസുള്ളവര്‍ക്ക് മുന്നിലും അല്ലാത്തവര്‍ക്ക് ഒറ്റക്കല്‍ മണ്ഡപത്തിന്റെ പിന്‍ഭാഗത്തും എന്ന രീതിയിലാണ് പരിഷ്കാരം. ഇതുകാരണം പിന്നിലായി പോകുന്ന സാധാരണ ഭക്തര്‍ക്ക് വിഗ്രഹത്തിന്റെ ദര്‍ശനം കിട്ടാത്ത സ്ഥിതിയാണ്.
സ്ഥിരം ദര്‍ശനത്തിനെത്തിയിരുന്ന തലസ്ഥാനത്തുള്ള ഭക്തരെ ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നു. പലരും ഇപ്പോള്‍ ശിവേലിപ്പുരയില്‍ ചുറ്റി തൊഴുതുമടങ്ങുകയാണ് എന്നാണ് പരാതി. 500 രൂപയുടെ സേവാപാസ്, ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസുകള്‍ എന്നിവയും 10,000 രൂപ വരുന്ന ഒരുവര്‍ഷത്തെ അര്‍ച്ചന ടിക്കറ്റുമുള്ളവര്‍ക്കാണ് മുന്‍നിരയില്‍നിന്നു ദര്‍ശനം ലഭിക്കുന്നത്. ഇവര്‍ക്ക് ക്യൂ നില്‍ക്കാതെ കയറുകയും ചെയ്യാം. പിന്നില്‍ കമ്പികെട്ടി തിരിച്ചാണ് സാധാരണ ഭക്തരെ അനുവദിക്കുന്നത്.
മുന്നില്‍ തിരക്കാണെങ്കില്‍ ഇവര്‍ക്ക് ദര്‍ശനം ലഭിക്കാറില്ല. പലപ്പോഴും മണിക്കൂറുകള്‍ ക്യൂ നിന്നാണ് ഇവര്‍ ശ്രീകോവിലിനു മുന്നിലെത്തുന്നത്. സാധാരണനിരയില് നില്‍ക്കുന്നവരെ പോലീസുകാരും ക്ഷേത്രജീവനക്കാരും ചേര്‍ന്ന് പെട്ടെന്ന് ഇറക്കിവിടുന്നതും പതിവാണ്. പ്രദേശവാസികളടക്കം പലരും പരാതി പറഞ്ഞെങ്കിലും ക്ഷേത്ര അധികൃതര്‍ വേണ്ട നടപടിയെടുത്തില്ലെന്നാണ് ആരോപണം.






