
കൊച്ചി: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ട്രാന്‍സ്ജെന്‍ഡറെ വിവാഹ വാഗ്ദാനം നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ച ശേഷം കാലുമാറിയ യുവതിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് അടുത്തുകൂടിയ യുവതിയുടെ വാക്ക് വിശ്വസിച്ച് പുരുഷനായി മാറിയ ട്രാന്‍സ്ജെന്‍ഡറുടെ പരാതിയിലാണ് നടപടി. സഹോദരിയുടെയും പിതാവിന്റെയും സഹായത്തോടെ യുവതി പലപ്പോഴായി 20 ലക്ഷം രൂപ അടിച്ചുമാറ്റുകയും 11 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്തതായും പരാതിയിലുണ്ട്.
എറണാകുളത്ത് താമസിക്കുന്ന തൃശൂര്‍ മേലൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡറാണ് തിരുവനന്തപുരം എടപ്പഴഞ്ഞി സ്വദേശിയായ യുവതിയുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയത്. 22 കാരിയായ യുവതിയും 26 വയസുള്ള ട്രാന്‍സ്ജെന്‍ഡറും ഇന്‍സ്റ്റഗ്രാമിലൂടെയാണ് 2024 ഏപ്രിലില്‍ സൗഹൃദത്തിലാകുന്നത്. ഇരുവരും കൂടുതല്‍ അടുത്തതോടെ, പുരുഷനായി മാറിയാല്‍ വിവാഹം കഴിക്കാമെന്ന് യുവതി വാഗ്ദാനം ചെയ്തു. തുടര്‍ന്നാണ് ലക്ഷങ്ങള്‍ ചെലവാക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

ഇതിനുശേഷം യുവതി ട്രാന്‍സ്ജെന്‍ഡറുടെ എറണാകുളത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഇടയ്ക്കിടെ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. വിവാഹശേഷം യുവതിയുടെ അപ്പച്ചിയുടെ പേരിലുള്ള തിരുവനന്തപുരത്തെ കുടുംബവീട് ട്രാന്‍സ്ജെന്‍ഡറുടെ പേരില്‍ എഴുതിവയ്ക്കുമെന്ന ഉറപ്പ് വിശ്വസിച്ച് 9 ലക്ഷത്തോളം രൂപയും അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപയും കൈമാറി. യുവതിയുടെ സഹോദരി ചിട്ടിക്ക് ചേര്‍ന്ന വകയില്‍ മാസത്തവണ അടയ്ക്കാന്‍ 2,30,000 ഉള്‍പ്പെടെയാണ് 20 ലക്ഷം കൈപ്പറ്റിയത്. ഏറ്റവുമൊടുവില്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മടങ്ങുമ്പോള്‍ 11 പവന്റെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയാണ് യുവതി പോയത്. കേസില്‍ സഹോദരിയെയും പിതാവിനെയും എറണാകുളം നോര്‍ത്ത് പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.