
ബെയ്ജിങ്: ആഗോള രാഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വര്‍ഷമായി ചൈന ഭരിക്കുന്ന, മാവോയ്ക്കു ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിന്‍പിങ് വിരമിക്കലിന്റെ പടിവാതില്‍ക്കലാണോ? മുന്‍ പ്രസിഡന്റ് ഹൂ ജിന്റാവോയോടു കൂറുള്ള വിഭാഗം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കിയെന്നും പരിഷ്‌കാരത്തിന്റെയും പ്രായോഗികതയുടെയും വക്താവായ ഒരു നേതാവിനെ പകരം വാഴിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയാണെന്നും കേള്‍ക്കുന്നു. ഷീയ്ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതാണ് മാറ്റത്തിനു കാരണമെന്നു കരുതുന്നവരും ഏറെയാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലെ അധികാരങ്ങള്‍ പ്രത്യേക പ്രതിനിധികള്‍ക്കു നല്‍കാന്‍ ഷിയുടെ നേതൃത്വത്തിലുള്ള പൊളിറ്റ് ബ്യൂറോ കൈക്കൊണ്ട നീക്കമാണു അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്. ചൈനയുടെ ‘ഷി’ കാലത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. ഒന്നുകില്‍ പടിപടിയായുള്ള അധികാര വികേന്ദ്രീകരണം അല്ലെങ്കില്‍ വിരമിക്കുന്നതിനു മുന്നോടിയായുള്ള നടപടി എന്നിങ്ങനെയാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍നിന്ന് ഒഴിവാകാനുള്ള ഷിയുടെ തീരുമാനവും സംശയത്തിനിട നല്‍കിയിട്ടുണ്ട്. ഷീയുടെ കാലിടറുകയാണെന്ന് ചൈനാനിരീക്ഷകര്‍ സംശയിക്കുന്നതിന്റെ പ്രധാനകാരണം കുറച്ചുനാള്‍ അദ്ദേഹം പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷനായിരുന്നതാണ്. കഴിഞ്ഞ മേയ് അവസാനം മുതല്‍ ജൂണ്‍ തുടക്കം വരെ. ചൈന സന്ദര്‍ശിക്കാന്‍ എത്തുന്ന വിദേശ നേതാക്കളുടെ മുന്നില്‍ പോലും അദ്ദേഹം പ്രത്യക്ഷനായില്ല ഒടുവില്‍ ബെലാറൂസ് നേതാവ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം പൊതുവേദിയില്‍ കാണപ്പെട്ടത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനാണു പുതിയ അധികാര വിഭജന നടപടിയെന്നാണു വിശദീകരണം. കുറച്ചേറെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും മറ്റുള്ളവരെ ഏല്‍പിച്ച് കൂടുതല്‍ വലിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷിയുടെ ശ്രമമെന്നു മറ്റു ചിലര്‍ വിലയിരുത്തുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നടത്തിയ നികുതി പരിഷ്‌കാരങ്ങളും തീരുവ യുദ്ധവും യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിയെ ബാധിച്ചിരുന്നു. ചൈനയുടെ സാമ്പത്തികരംഗം ഇപ്പോള്‍ പ്രശ്‌നഭരിതവുമാണ്. കോവിഡ് സമയത്തെ ഷിയുടെ പരുക്കന്‍ നയങ്ങളും ഇതിനു കാരണമായിട്ടുണ്ട്. ഇതിന്റെ പഴി ഷി ഇപ്പോള്‍ ചുമക്കുകയാണ്.
ആജീവനാന്ത പ്രസിഡന്റ് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലച്ചോറും ഹൃദയവും ഇതുവരെ ഷി തന്നെയാണ്. പാര്‍ട്ടി, ഭരണകൂടം, സൈന്യം എന്നീ 3 ശക്തികേന്ദ്രങ്ങളിലും ഷിയുടെ അപ്രമാദിത്വമാണ്. ഷി വരുന്നതിനു മുന്‍പ് ചൈനീസ് പ്രസിഡന്റുമാര്‍ 5 വര്‍ഷം വീതമുള്ള 2 ടേമുകള്‍ കഴിഞ്ഞാല്‍ വിരമിക്കണമെന്നു നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഭരണഘടനാ ഭേദഗതിയിലൂടെ ഷി അതു മാറ്റി. ‘ആജീവനാന്ത പ്രസിഡന്റ്’ എന്ന വിശേഷണം അതിനു ശേഷം ഷിയ്ക്കു ലഭിച്ചു.