പണിഞ്ഞു നോക്കും, പറ്റിയില്ലെങ്കില്‍ തൂക്കിയെടുത്തു പറക്കും! ബ്രിട്ടന്റെ യുദ്ധ വിമാനം നന്നാക്കാന്‍ കൂറ്റന്‍ വിമാനത്തില്‍ ഉദ്യോഗസ്ഥരെത്തി; എയര്‍ബസ് എ 400 എമ്മിനെക്കുറിച്ച് അറിയാം; പരുക്കന്‍ സ്ഥലത്തുപോലും നിഷ്പ്രയാസം ഇറങ്ങും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ ബ്രിട്ടന്റെ യുദ്ധ വിമാനം കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥ സംഘമെത്തി. അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധസംഘമാണു തിരുവനന്തപുരത്ത് എത്തിയത്. കുടുങ്ങിക്കിടക്കുന്ന ഫൈറ്റര്‍ ജെറ്റ് എഫ്-35ബിയെ അറ്റകുറ്റപ്പണി നടത്തി തിരികെ പറത്താന്‍ ശ്രമിക്കുമെങ്കിലും കഴിഞ്ഞില്ലെങ്കില്‍ ‘തൂക്കിയെടുത്ത്’ കൊണ്ടുപോകാന്‍ കൂടിയാണ് സംഘം എത്തിയിരിക്കുന്നത്. അതും ഹെവി ലിഫ്റ്റിങ് വിമാനമായ എയര്‍ബസ് എ 400 എമ്മില്‍.
എ400എം അറ്റ്‌ലസ്
ദീര്‍ഘദൂരങ്ങളില്‍ ഭാരം കൂടുതലുള്ള ലോഡുകള്‍ എത്തിക്കാന്‍ സാധിക്കുന്ന പകരം വയ്ക്കാനില്ലാത്ത തന്ത്രപ്രധാനമായ എയര്‍ ലിഫ്റ്റിങ് വിമാനമാണ് എ400എം. മനുഷ്യരെയും വലിയ സൈനിക ഉപകരണങ്ങളെയും വഹിക്കാന്‍ സാധിക്കുന്ന വലിയ കാര്‍ഗോ ഹോള്‍ഡാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ടാറിങ് ഇല്ലാത്തതും പരുക്കനും ചെറുതുമായ എയര്‍സ്ട്രിപ്പുകളില്‍ പോലും നിസാരമായി ഇറങ്ങാനും ഈ ഭീമന് സാധിക്കും.

നാല് എഞ്ചിന്‍ ടര്‍ബോപ്രോപ്പ് മിലിട്ടറി എയര്‍ലിഫ്റ്ററാണിത്. ഇടത്തരം എയര്‍ലിഫ്റ്ററുകള്‍ക്ക് വഹിക്കാന്‍ കഴിയാത്ത ഭാരമുള്ളതും വലുതുമായ വസ്തുക്കളെ വഹിക്കാന്‍ ഇതിനാകും. അതായത് കവചിത വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രത്യേക സിവില്‍ എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍ എന്നിവ നിഷ്പ്രയാസം എ400എം ല്‍ കൊണ്ടുപോകാം. മറ്റ് ഹെവി എയര്‍ലിഫ്റ്ററുകള്‍ക്ക് എത്താന്‍ സാധിക്കാത്ത എയര്‍സ്ട്രിപ്പുകളില്‍ ലോഡുമായി ഇറങ്ങാനും സാധിക്കും.
കൂടാതെ ദീര്‍ഘദൂരം ഒരു ജെറ്റ്-എഞ്ചിന്‍ സ്ട്രാറ്റജിക് എയര്‍ലിഫ്റ്ററിനെ പോലെ വേഗതയില്‍ പറക്കാനും കഴിയും. വായുവില്‍ വച്ച് ഇന്ധനം നിറയ്ക്കാനും ഈ വിമാനത്തിനാകും. കുറഞ്ഞ ഡിറ്റക്ഷബിലിറ്റിയും ഉയര്‍ന്ന മാനുവറബിലിറ്റിയുമാണ് വിമാനത്തിനുള്ളത്. 150 അടി വരെ താഴ്ന്ന് പറക്കാനും സാധിക്കും. കുറഞ്ഞ സമയം കൊണ്ട് ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ഈ വിമാനത്തിന് സാധിക്കും. കവചിത കോക്ക്പിറ്റ്, വെടിയുണ്ടകളെ ചെറുക്കുന്ന വിന്‍ഡ്സ്‌ക്രീനുകള്‍ എന്നിവ സുരക്ഷയും വര്‍ധിപ്പിക്കുന്നു.
നേരത്തെ ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലായിരിക്കും ഫൈറ്റര്‍ ജെറ്റ് എഫ്-35ബിയെ ബ്രിട്ടണ്‍ കൊണ്ടുപോകുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവിലാണ് ബ്രിട്ടനില്‍ നിന്നുള്ള സംഘം എ400എം ല്‍ എത്തിയത്. സി130 നും ബോയിങ് സി17 ഗ്ലോബ്മാസ്റ്റര്‍-3 നും ഇടയിലാണ് എ400എം വലുപ്പം. എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ആണ് ഈ വിമാനം നിര്‍മ്മിക്കുന്നത്. ഇന്ന് വിവിധ രാജ്യങ്ങളിലെ സൈനിക ആവശ്യങ്ങള്‍ക്കായി ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.