ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും; പുതിയ കമ്മീഷന്‍ തലവനെ നിയമിച്ച് പോപ്പ് ലിയോ; ആഗോള സഭയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം; കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡന വിഷയങ്ങളില്‍ മുന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാക്കി പോപ്പ് ലിയോ. കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ വത്തിക്കാന്റെ കമ്മീഷന്റെ പുതിയ തലവനായി ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാണു നടപടികള്‍ തുടങ്ങിയത്. ആഗോള സഭയുടെ വിശ്വാസ്യത തകര്‍ത്ത പ്രശ്‌നത്തെ നേരിടാനുള്ള പോപ്പിന്റെ ആദ്യ നീക്കമായിട്ടാണു നടപടിയെ വിലയിരുത്തുന്നത്.
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചേംബറിയിലെ ആര്‍ച്ച് ബിഷപ്പായി തുടരുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റയും അമ്പത്തൊമ്പതുകാരനായ തിബോള്‍ട്ട് വെര്‍ണി പ്രവര്‍ത്തിക്കും. ലൈംഗിക പീഡന വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സഭയെ ബാധിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു വത്തിക്കാന്‍ കമ്മിഷനെ നിയമിച്ചത്.

ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ സഭയില്‍നിന്നുയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ സന്‍മാര്‍ഗ ക്രമത്തെ ആകെ ബാധിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുമ്പുള്ളവര്‍ ഈ വിഷയത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. അതാതു സഭകള്‍ക്ക് നടപടിയെടുക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍, പോപ്പിന്റെ നടപടി വന്നതിനു പിന്നാലെ ലോകമെമ്പാടും പുരോഗിതര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി ബിഷപ്പുമാര്‍ക്കു രാജി വയ്‌ക്കേണ്ടിവന്നു.
സഭയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നുമെന്നു വെര്‍ണി പറഞ്ഞു. ‘ഭൂമിശാസ്ത്രമോ സാഹചര്യമോ പരിഗണിക്കാതെ സഭയുടെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബോസ്റ്റണിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ഷോണ്‍ ഒ’മാലിക്കു പകരമായിട്ടാണു വെര്‍ണി ചുമതലയേറ്റത്. സാധാരണ വിരമിക്കല്‍ പ്രായമായ 80 വയസ് പിന്നിട്ടിട്ടും ഷോണ്‍ ഒ’മാലി തുടരുകയായിരുന്നു. കമ്മീഷന്‍ രൂപീകരണ സമയം മുതല്‍ കര്‍ദിനാള്‍ ഷോണ്‍ ആണ് നയിച്ചത്. 2022ല്‍ ഫ്രാന്‍സിസ് വെര്‍ണിയെ ആദ്യമായി കമ്മീഷനില്‍ അംഗമാക്കി. ഫ്രഞ്ച് സഭയുടെ സംരക്ഷണ ശ്രമങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
ചില ഇരകള്‍ കമ്മീഷന്റെ ശ്രമങ്ങളെ പ്രശംസിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി സഭയിലുള്ള അംഗങ്ങളുടെ രാജിയും ബാധിച്ചിട്ടുണ്ട്. 2023ല്‍ ഒരു പ്രമുഖ ജെസ്യൂട്ട് പുരോഹിതനും മാര്‍പാപ്പ ഉപദേഷ്ടാവും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചു രാജിവച്ചിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഇവര്‍ പരസ്യമായി പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്നു പ്രഖ്യാപിച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷന്‍ രൂപീകരിച്ചത്. ശക്തമായ നടപടികളില്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഇത്തരം വിവാദങ്ങള്‍ തനിക്കു കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും മാര്‍പാപ്പ പറഞ്ഞു. അയര്‍ലന്‍ഡിലെത്തിയ മാര്‍പാപ്പ ഡബ്ലിന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊത്ത് ഒന്നര മണിക്കൂറോളം ചെലവഴിച്ചു പരാതികള്‍ കേട്ടിരുന്നു.
കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തുനിന്നുള്ള അപകീര്‍ത്തികരവും ഉത്കണ്ഠപ്പെടുത്തുന്നതുമായ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ല. എന്തുവിലകൊടുത്തും ആപത്കരമായ ഈ പ്രവണത സഭയില്‍നിന്നും ഒഴിവാക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.
(Pope Leo takes first action to address abuse by Catholic clergy)