IndiaNEWS

‘അമിതവേഗവും ഡ്രൈവിങ് അഭ്യാസവും സൃഷ്ടിക്കുന്ന വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല’

ന്യൂഡല്‍ഹി: കുറ്റകരമായരീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. അതിസാഹസികത കൊണ്ടുണ്ടാകുന്ന വാഹനാപകട മരണങ്ങള്‍ക്ക് നഷ്ടപരിഹാരമുണ്ടാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Signature-ad

2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്‌മേല്‍മറിഞ്ഞു.

പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍വാഹനാപകട ട്രിബ്യൂണലിനുമുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാഹനം ഓടിച്ചയാള്‍ വരുത്തിവെച്ച അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ മരണപ്പെട്ടയാളുടെ ഭാര്യക്കും മാതാപിതാക്കള്‍ക്കും അര്‍ഹതയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വാഹനമോടിച്ചിരുന്ന ആളുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പമല്ലാതെ മറ്റൊരു കാരണങ്ങളും ഈ അപകടത്തില്‍ കാണാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിലയിരുത്തി.

ടയര്‍ പൊട്ടിത്തെറിച്ചാണ് വാഹനം മറിഞ്ഞതെന്നായിരുന്നു കുടുംബം ഉന്നയിച്ചിരുന്ന വാദം. എന്നാല്‍, രവിഷ അതിസാഹസികമായി വാഹനമോടിച്ചത് കൊണ്ടുണ്ടായ അപകടമാണെന്നായിരുന്നു പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനാപകട ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ തള്ളിയിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: