NEWSWorld

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു; ദുരന്തം സ്‌പെയിനില്‍

മഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാര്‍ അപകടത്തില്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട കാറില്‍ ജോട്ടയുടെ സഹോദനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും (26) ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ അഗ്നിരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് സ്‌പെയിനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് അപകട വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും മൂന്നു കുട്ടികളുമുണ്ട്.

Signature-ad

സ്‌പെയിനിലെ പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപം റെയാസ് ബജാസ് ഹൈവേയില്‍ (എ 52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ച്ചെ 12.30നാണ് അപകടം നടന്നതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് ‘സ്‌കൈ സ്‌പോര്‍ട്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചതായും സ്ഥിരീകരിച്ചു.

പകോസ് ഡി ഫെറെയ്‌റയുടെ താരമായി പ്രഫഷനല്‍ കരിയര്‍ തുടങ്ങിയ ജോട്ട പിന്നീട് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിലെത്തി. അവിടെ തിളങ്ങാനാകാതെ പോയതോടെ ലോണ്‍ അടിസ്ഥാനത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയിലെത്തി. അവിടെനിന്ന് 2017ല്‍ ഇംഗ്ലിഷ് ക്ലബ് വോള്‍വര്‍ഹാംപ്ടന്‍ വാണ്ടറേഴ്‌സിന്റെ ഭാഗമായി. അവിടെനിന്ന് 2020ലാണ് ജോട്ട ലിവര്‍പൂളില്‍ എത്തിയത്. 2022ല്‍ ലിവര്‍പൂളിന് എഫ്എ കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആ സീസണില്‍ ഇഎഫ്എല്‍ കപ്പിലും ചാംപ്യന്‍സ് ലീഗിലും ലിവര്‍പൂള്‍ റണ്ണേഴ്‌സ് അപ്പായി.

യൂര്‍ഗന്‍ ക്ലോപ്പ് ടീം വിട്ടശേഷം പരിശീലകനായി എത്തിയ അര്‍നെ സ്ലോട്ടിനു കീഴില്‍ കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ കിരീടം ചൂടുമ്പോള്‍, 37 കളികളില്‍നിന്ന് ഒന്‍പതു ഗോളുകളുമായി ജോട്ടയും മികച്ച പ്രകടനം കാഴ്ചവച്ചു. പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗില്‍ കിരീടം നേടിയ രണ്ടു തവണയും ജോട്ട ടീമിലുണ്ടായിരുന്നു. ദേശീയ ജഴ്‌സിയല്‍ 49 മത്സരങ്ങള്‍ കളിച്ചു. ജോട്ടയുടെ സഹോദരന്‍ ആന്ദ്രെയും പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷന്‍ ലീഗ് ക്ലബായ പെന്നഫിയേലിന്റെ താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: