
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് മകളുടെ ചികിത്സാര്‍ഥമെത്തിയ അമ്മയ്ക്ക്. തലയോലപ്പറമ്പ് ഉമ്മാകുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. അതേസമയം, അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി പരാതി ഉന്നയിച്ചതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് നവമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച അഡ്മിറ്റ് ആയി. രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. ഈ സമയത്താണ് കെട്ടിടം തകര്‍ന്നുവീണത്. നിര്‍മാണത്തൊഴിലാളിയായ വിശ്രുതനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകന്‍ നവനീത് എറണാകുളത്ത് എന്‍ജിനീയറാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.