CrimeNEWS

എറണാകുളത്തുനിന്നു മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കാണാനെത്തി; മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയിലായി

മലപ്പുറം: മോഷ്ടിച്ച ബൈക്കില്‍ സുഹൃത്തുമൊത്ത് കാമുകിയെക്കാണാന്‍ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പില്‍ അജ്മല്‍ ഷാജഹാന്‍ (25), സുഹൃത്ത് പാറക്കല്‍ മുക്കാലി ശ്രീജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ലാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്മലിന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാന്‍ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നില്‍പ്പെട്ടത്.

Signature-ad

ബൈക്കിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പന്‍, സിപിഒ രഘു എന്നിവര്‍ക്ക് സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു.

ഇതിനിടെ പ്രതികള്‍ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാല്‍, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. എന്‍ജിന്‍ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ബൈക്കിന്റെ ഉടമയെ കണ്ടെത്തി പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്.

ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം ഫ്ളാറ്റില്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. എസ്ഐ കെ. ഗിരി, എസ്.ഐ. സുധീര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ ഒട്ടേറെ കേസുകള്‍ ഇടപ്പള്ളി, കോട്ടയം പോലീസ് സ്‌റ്റേഷനുകളിലുണ്ടെന്ന് കണ്ടെത്തി. പ്രതികളെ തിരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: