ആകെ പഴ്‌സിലുള്ളത് അഞ്ചുലക്ഷം; 18 കോടി ശമ്പളമുള്ള സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാന്‍ വമ്പന്‍ താരങ്ങളെ വിട്ടുകൊടുക്കണം; മൂന്നുപേര്‍ തെറിച്ചേക്കും; നോട്ടമിട്ട് കൊല്‍ക്കത്തയും മുംബൈയും; അടുത്ത രണ്ടാഴ്ച നിര്‍ണായകം

ചെന്നൈ: ഐപിഎല്ലിന്റെ ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു സാംസണിനെ ലഭ്യമായതോടെ എന്തു വിലകൊടുത്തും സ്വന്തമാക്കാന്‍ ചെന്നൈ. അദ്ദേഹത്തെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അഞ്ചുവട്ടം ചാമ്പ്യന്‍മാരായ മഞ്ഞപ്പട നേരത്തേതന്നെ അറിയിച്ചിരുന്നു. വരും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണു കരുതുന്നത്. മലയാളി താരത്തിനായി രാജസ്ഥാനെ ഔദ്യോഗികമായി സമീപിക്കാനുള്ള നീക്കങ്ങളും വൈകാതെ തുടങ്ങും.
പക്ഷേ, രാജസ്ഥാന്‍ 18 കോടി നല്‍കിയാണു കഴിഞ്ഞ വര്‍ഷം സഞ്ജുവിനെ നിലനിര്‍ത്തിയത്. വാര്‍ഷിക ശമ്പളമായ ഉയര്‍ന്ന തുക തന്നെയാകും ചെന്നൈയ്ക്കു മുന്നിലെ പ്രധാന വെല്ലുവിളി. നിലനില്‍ അഞ്ചുലക്ഷം രൂപ മാത്രമാണ് അവര്‍ക്കു ശേഷിക്കുന്നത്. മറ്റു ചില താരങ്ങളെ വിട്ടുകൊടുക്കാതെ സഞ്ജുവിനെ എത്തിക്കുക ബുദ്ധിമുട്ടാകും. ഓപ്പണ്‍ വിന്‍ഡോവഴി മൂല്യമുള്ള താരങ്ങളെ വിട്ടു നല്‍കേണ്ടിവരും. ഇതില്‍ ചില വമ്പന്‍ താരങ്ങളുമുണ്ട്.
റിതുരാജ് ഗെയ്ക്വാദ്

നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ മുന്‍നിര ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്്റ്റിലെ ആദ്യത്തെയാള്‍. സ്ഞ്ജു സാംസണിനെ കൈമാറണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് പകരമായി റിതുരാജിനെ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ സീസണ്‍ മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനാണു റിതുരാജ്. ബാറ്റിംഗില്‍ ശ്രദ്ധേയമായ പ്രകടനങ്ങളും കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ മെഗാലേലത്തിനു മുമ്പ് 18 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ നിലനിര്‍ത്തിയത്. ചെന്നൈ വളര്‍ത്തിയെടുത്ത താരമെന്ന നിലയില്‍ രാജസ്ഥാനു കൈമാറിയാല്‍ അതു വലിയൊരു അദ്തുതമാകും. പക്ഷേ, ധോണിക്കു പകരം മികച്ച വിക്കറ്റ് കീപ്പറെ ചെന്നൈയ്ക്ക് ആവശ്യമാണ്. ഇതിനു പറ്റിയയാള്‍ സഞ്ജുവും. നായക സ്ഥാനവും ഏറ്റെടുക്കാന്‍ കഴിയുമെന്നതിനാല്‍ ഒരു വെടിക്കു രണ്ടുപക്ഷിയെ ചെന്നൈയ്ക്കു ലഭിക്കും.
ആര്‍. അശ്വിന്‍
ഇന്ത്യയുടെ വെറ്ററന്‍ ഓഫ്സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍. അശ്വിനാണ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് നീണ്ട ഇടവേളയ്ക്കുശേഷം അശ്വിനെ ചെന്നൈ ടീമിലെത്തിച്ചത്. ബൗളിംഗിലോ ബാറ്റിംഗിലോ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. 2022 മുതല്‍ 24 വരെ മൂന്നു സീസണുകള്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍. സഞ്ജുവിന്റെ മികച്ച പല പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. അശ്വിനെ സ്വീകരിക്കാന്‍ റോയല്‍സ് തയാറാകുമെന്നാണു വിവരം. അശ്വിനെ നല്‍കിയാലും എട്ടു കോടിയില്‍ കൂടി അധികമായി നല്‍കിയാല്‍ മാത്രമേ സഞ്ജുവിന്റെ പ്രതിഫലമായ 18 കോടിയിലെത്താന്‍ ചെന്നൈക്കു സാധിക്കൂ.
രചിന്‍ രവീന്ദ്ര
ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടുകൊടുത്തേക്കാവുന്ന മറ്റൊരാള്‍. രണ്ടു സീസണുകളില്‍ ചെന്നൈയ്‌ക്കൊപ്പമുണ്ട്. എന്നാല്‍, പ്രതീക്ഷയ്‌ക്കൊത്തു പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. നാലുകോടിയാണ് രചിന്റെ ശമ്പളം. ബാറ്റിങില്‍ ഫ്ളോപ്പ് ഷോ തുടര്‍ന്നതോടെ രചിനെ പ്ലെയിങ് ഇലവനില്‍ നിന്നും പിന്നീട് ചെന്നൈ ഒഴിവാക്കുകയും ചെയ്തു. എട്ടു മല്‍സരങ്ങളാണ് കഴിഞ്ഞ സീസണില്‍ അദ്ദേഹം കളിച്ചത്. നേടിയതാവട്ടെ 191 റണ്‍സുമാണ്. റോയല്‍സ് ആവശ്യപ്പെട്ടാല്‍ രചിനെ തീര്‍ച്ചയായും ചെന്നൈ വിട്ടു നല്‍കിയേക്കും.
രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ടീം മാനേജ്‌മെന്റുമായും പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണു സഞ്ജുവെന്നാണു വിവരം. ഇടയ്ക്കു കലിഫോര്‍ണിയയില്‍ സിഎസ്‌കെയുടെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിനും സാക്ഷിയാകാന്‍ സഞ്ജു പോയിരുന്നു. സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകര്‍ തെളിവായി നിരത്തി.
കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് എത്തുന്നെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഞ്ജു പങ്കുവച്ചെന്നു സമൂഹമാധ്യമങ്ങളിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു വാദിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനു തെളിവായി അവര്‍ നിരത്തുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമകളുടെ സ്വന്തം ടെക്‌സസ് സൂപ്പര്‍ കിങ്‌സ് മേജര്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ കമന്റ് സെക്ഷനില്‍ നിറയെ താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കമന്റുകളാണ്. കഴിഞ്ഞ ദിവസം ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ച ക്യാപ്ഷനും താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതു പോലുള്ള ചിത്രമാണ് ഇത്. ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതോടെയാണ് താരം ചെന്നൈയിലേക്ക് വരുന്നുവെന്ന പ്രചാരണം ആരംഭിച്ചത്.റോഡിലെ മഞ്ഞലൈന്‍ മുറിച്ചുകടക്കുന്ന ചിത്രത്തിന് ‘ടൈം ടു മൂവ്’ എന്ന് ക്യാപ്ഷന്‍ നല്‍കിയത് ചെന്നൈയിലേക്കുള്ള വരവിന്റെ വ്യക്തമായ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേര്‍ത്തതും ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ചെന്നൈയ്ക്ക് പുറമേ മലയാളി താരത്തെ മറ്റ് ഐപിഎല്‍ ടീമുകളും നോട്ടമിട്ടിരിക്കുകയാണ്. ഈ പട്ടികയില്‍ ഷാരൂഖ് ഖാന്റെ സ്വന്തം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുതല്‍ നിത അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് വരെയുണ്ടെന്നാണ് സൂചന.