
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്ന ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അഭിഭാഷകന്‍ മദ്യപിച്ച സംഭവത്തില്‍ നടപടി. ഭാസ്‌കര്‍ തന്നയെന്ന മുതിര്‍ന്ന അഭിഭാഷകനാണ് ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ കുടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നടപടിയിലേക്ക് കടന്നത്.
സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച ഹൈക്കോടതി ഇനിയുള്ള കേസുകളില്‍ ഓണ്‍ലൈനായി ഭാസ്‌കര്‍ തന്ന ഹാജരാകുന്നതും വിലക്കി. ലജ്ജാകരമായ പ്രവര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാസ്‌കര്‍ തന്നയ്‌ക്കെതിരെ ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്.

അഭിഭാഷകന്റെ പെരുമാറ്റം അതിരുകടന്നതാണന്നും കോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 25ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുന്‍പാകെയാണ് സംഭവം നടന്നത്. വിചാരണ സമയത്ത് ബിയര്‍ കുടിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്ന ഭാസ്‌കറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ നിന്ന് ഭാസ്‌കര്‍ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ എസ് സുപേഹിയ പറഞ്ഞു.
ഭാസ്‌കര്‍ തന്നയുടെ പ്രവൃത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാല്‍ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കുമെന്നും കോടതി നീരിക്ഷിച്ചു. ഭാസ്‌കറിന്റെ ഈ പെരുമാറ്റത്തിനെതിരെ നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇതില്‍ വാദം കേള്‍ക്കും. കേസ് പരിഗണിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തി.