
ലഖ്‌നൗ: യാത്രയ്ക്കായി തനിക്ക് സര്‍ക്കാര്‍ അനുവദിച്ച കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിന് പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി. സാധാരണ ആളുകള്‍ പിഴയ്ക്കുള്ള ചലാന്‍ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാമൂഹികക്ഷേമ സഹമന്ത്രിയായ (സ്വതന്ത്ര ചുമതല) അസിം അരുണ്‍ ഇവിടെ വ്യത്യസ്തനാകുകയാണ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അരുണ്‍.
പ്രോട്ടോക്കോള്‍ പ്രകാരം വാരണാസി സന്ദര്‍ശന വേളയില്‍ മന്ത്രിക്ക് സര്‍ക്കാര്‍ അനുവദിച്ച ഇന്നോവ കാര്‍ നല്‍കിയപ്പോഴാണ് സംഭവം. കാറില്‍ അനധികൃത നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചിരുന്നു. ഈ നിയമലംഘനം അവഗണിക്കുന്നതിനുപകരം, കാറില്‍ യാത്ര ചെയ്യാന്‍ അരുണ്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് വാരണാസി പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.

നിയമലംഘനത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് മന്ത്രി, വാരണാസി പോലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാളിന് ഒരു കത്തും എഴുതി. ‘ജൂണ്‍ 30-ന് ഞാന്‍ വാരണാസിയില്‍ എത്തിയ വേളയില്‍, എനിക്ക് ഉപയോഗിക്കുന്നതിനായി ഒരു വാഹനം ഏര്‍പ്പാട് ചെയ്തിരുന്നതായി അറിയിക്കുന്നു. വാഹനത്തില്‍ അനധികൃത ലൈറ്റ് ഘടിപ്പിച്ചിരുന്നതിനാല്‍, ഞാന്‍ അത് ഉപയോഗിച്ചില്ല. അനധികൃത ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ച് നിയമങ്ങള്‍ ലംഘിച്ചതിന് ഈ വാഹനത്തിനെതിരേ ഒരു ചലാന്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന കാര്യം ദയവായി ഉറപ്പാക്കുക.’ വാഹനത്തിന്റെ വിശദാംശങ്ങളും ഫോട്ടോയും സഹിതമായിരുന്നു മന്ത്രിയുടെ കത്ത്.
മുന്‍പ് ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലാണ് മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. പിന്നീട് അത് വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ വാഹനത്തില്‍നിന്നടക്കം കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നടക്കം ബീക്കണ്‍ ലൈറ്റുകള്‍ നീക്കി.