
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പാക്കുന്ന ജിഎസ്ടി ബിജെപി ഇതര സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധിയെന്നു തുറന്നടിച്ചു രാഹുല്‍ ഗാന്ധി. കോര്‍പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ചത് എംഎസ്എല്‍ഇകളെയാണ്. എട്ടുവര്‍ഷത്തിനുള്ളില്‍ 18 ലക്ഷം സംരംഭങ്ങളാണു പൂട്ടിപ്പോയത്. ചായമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വരെ ജനങ്ങള്‍ ജിഎസ്ടി നല്‍കുന്നു. എന്നാല്‍, പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിന്റെ എട്ടാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍.
സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനുള്ള ടൂള്‍ ആയി ജിഎസ്ടിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന നികുതി സമ്പ്രദായമാണു നടപ്പാക്കേണ്ടത്. ഏതാനും പേര്‍ക്കാണു നിലവില്‍ ഗുണം. ചെറിയ കടക്കാര്‍ മുതല്‍ കര്‍ഷകര്‍വരെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. പാവങ്ങളെ കൂടുതല്‍ ശിക്ഷിക്കാനും എംഎസ്എംഇകളെ തകര്‍ക്കാനും സംസ്ഥാനങ്ങളെ ഞെരുക്കാനുമാണ് ജിഎസ്ടി ഉപയോഗിക്കുന്നത്. ‘ഗുഡ് സിംപിള്‍ ടാക്‌സ്’ എന്ന നിലയിലാണു യുപിഎ സര്‍ക്കാര്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇക്കാലത്തിനിടെ 900 പരിഷ്‌കാരങ്ങളാണു നിയമത്തില്‍ വരുത്തിയത്.

അക്കൗണ്ടന്റുകളുടെ ‘സൈന്യ’ത്തെ ഉപയോഗിച്ചു നിയമം ലംഘിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും കോര്‍പറേറ്റുകള്‍ക്കു മുന്നിലുണ്ട്. എന്നാല്‍, ചെറുകിട വ്യവസായങ്ങള്‍ നികുതിയുടെ വലയില്‍ പെടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടിക്കു പുറത്താണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു സാധാരണക്കാരെയാണ്. ബിജെപി ഇതര സംസ്ഥാനങ്ങളെ ശിക്ഷിക്കാനുള്ള മാര്‍ഗമായി മാറി. കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ വിരുദ്ധ നിലപാടിന് ഉദാഹരണമാണിത്. രാഷ്ട്രീയ പക്ഷപാതിത്വവും മോശം നടപ്പാക്കലുമാണ് പുതുക്കിയ ജിഎസ്ടി സംവിധാനത്തിന്റെ ഫലമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജിഎസ്ടിക്കെതിരേ കേരളമടക്കം നിലപാട് എടുക്കുന്നതിനെ ന്യായീകരിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയുടേതുമെന്നാണ് ചുണ്ടിക്കാട്ടുന്നത്. ജിഎസ്ടി കുടിശികയും കേന്ദ്രസര്‍ക്കാര്‍ വിഹിതങ്ങളും പിടിച്ചുവയ്ക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കായുള്ള അര്‍ഹതപ്പെട്ട വിഹിതം ചോദിക്കുമ്പോള്‍ ഇതു സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടെന്നാണു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഇതിനു കടകവിരുദ്ധമായ നിലപാടാണ് രാഹുല്‍ ഗാന്ധിയുടേതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.