പെണ്‍കുട്ടികളുടെ പേടിസ്വപ്നം; ലൈംഗിക പീഡനവും മോര്‍ഫിംഗും; ‘മാംഗോ മിശ്ര’ എന്ന കാമ്പസിലെ ക്രൂരന്‍; കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പിതാവ് പൂജാരി; മകന്‍ കൊടും ക്രിമിനല്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അങ്ങയറ്റം മൃഗീയമായ രീതിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് അതിജീവിത പൊലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യക്തം. കുട്ടിയെ ഏഴുമണിക്കൂറോളം ഗാര്‍ഡ് റൂമില്‍ പൂട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്.
ഇപ്പോഴിതാ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ പേടിസ്വപ്നമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ‘മാംഗോ മിശ്ര’ എന്ന പേരില്‍ അറിയപ്പെട്ട മനോജിത്തിന്റെ മുന്നില്‍പ്പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ക്ലാസുകള്‍ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയില്‍ പഠനം നിര്‍ത്തുകയും ചെയ്തു.

കോളജില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം കരാര്‍ ജീവനക്കാരനായി തിരിച്ചെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മനോജിത്തിനെ വിദ്യാര്‍ത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. ‘കാമ്പസില്‍ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാള്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുകയും അവ മോര്‍ഫ് ചെയ്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പോകാന്‍ പോലും ഭയന്നിരുന്നു.’ കോളേജിലെ ഒരു വിദ്യാര്‍ഥിനി പറഞ്ഞു.
‘മനോജിത്ത് ഉപദ്രവിക്കാത്ത ഒരു പെണ്‍കുട്ടിയും കോളേജില്‍ ഉണ്ടെന്ന് കരുതുന്നില്ല. ധാരാളം പരാതികളുണ്ടായിരുന്നു. മാതാപിതാക്കള്‍ പോലും അയാളെ ഉപേക്ഷിച്ചതാണ്.’ അവര്‍ പറഞ്ഞു. മനോജിത്തിന്റെ പിതാവ് കാളിഘട്ട് ക്ഷേത്രത്തിലെ പൂജാരിയാണ്.
നാലുപേരെയാണ് ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പസിലെ മൂന്ന് സ്ഥലങ്ങളില്‍നിന്ന് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചു. എ.സി.പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. മുഖ്യപ്രതി മനോജിത് മിശ്രയെയടക്കം പൊലീസ് ചോദ്യംചെയ്യുകയാണ്.