ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: നടി മീനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് ഇന്നലെ മിനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തില്‍ വിട്ടതും. മിനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
മലയാള സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രമുഖരായ ഒട്ടേറെപേര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. നടനും എംഎല്‍എയുമായ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവര്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മിനു മുനീര്‍ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേനോന്‍ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മുനു മുനീര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി.

ഈ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബാലചന്ദ്ര മേനോന്‍ സമീപിച്ചപ്പോള്‍ ആണുങ്ങള്‍ക്കും അന്തസുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ആവശ്യം അംഗീകരിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും ചേര്‍ന്ന് തന്നെയും ഭാര്യയെയും വിളിച്ച് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങള്‍ക്ക് മനസിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്ര മേനോനും പൊലീസിനെ സമാപിച്ചു. ഈ കേസിലാണ് ഇപ്പോള്‍ മിനു മുനീറിന്റെ അറസ്റ്റ് ഉണ്ടായിട്ടുള്ളത്.