KeralaNEWS

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും വെട്ടിക്കുറച്ചു; വീട്ടുകാര്‍ക്ക് കാത്തിരിപ്പ് തുടരാം!

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. 57.5 രൂപയാണ് കേരളത്തില്‍ കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപ. കഴിഞ്ഞ ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 എന്നിങ്ങനെയും കുറവ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വരുത്തിയിരുന്നു.

രാജ്യാന്തര ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില ഇത്തവണയും കുറച്ചില്ല. 14.2 കിലോഗ്രാം സിലിണ്ടറിനു ഏറ്റവുമൊടുവില്‍ വില കുറച്ചത് 2024 മാര്‍ച്ച് എട്ടിനാണ്. വനിതാദിന സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

Signature-ad

ഈ വര്‍ഷം ഏപ്രില്‍ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. കൊച്ചിയില്‍ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയുമാണ് നിലവില്‍ വില. തിരുവനന്തപുരത്ത് 862 രൂപ. രാജ്യത്ത് 90 ശതമാനം എല്‍പിജിയും ഉപയോഗിക്കുന്നത് വീടുകളില്‍ പാചകാവശ്യത്തിനാണ്. 20% മാത്രമാണ് ഹോട്ടലുകള്‍, മറ്റ് വ്യവസായിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നത്.

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരുകോടിയിലേറെ എല്‍പിജി ഉപയോക്താക്കളുണ്ട്. ഇതില്‍ 95 ലക്ഷത്തോളവും സജീവ ഉപയോക്താക്കള്‍. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ മാത്രമുള്ളത് മൂന്നുലക്ഷത്തിലധികം പേര്‍. അതേസമയം, കഴിഞ്ഞവര്‍ഷം എല്‍പിജി വില കുത്തനെ ഉയര്‍ന്നു നിന്നതിനാല്‍ റസ്റ്ററന്റുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതല്‍ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവില്‍ വാണിജ്യ സിലിണ്ടര്‍ വില കുറയുന്നത് ഇവയുടെ സാമ്പത്തികച്ചെലവില്‍ നല്‍കുന്നത് മികച്ച ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: