Breaking NewsKeralaMovieNEWS

ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? കോടതി, ജാനകി നീതി തേടുന്ന ഇരയെന്ന്‌ നിർമാതാക്കൾ, ഇരയല്ലേ, പ്രതി അല്ലല്ലോയെന്ന് കോടതി

കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദർശനത്തിൽ അനിശ്ചിതത്വം നീളുന്നു. എന്തുകൊണ്ട് ‘ജാനകി’ എന്ന പേരിനെ എതിർക്കുന്നുവെന്നതിന് മറുപടി നൽകാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.

അതേസമയം ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി വീണ്ടും ആവർത്തിച്ചു. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളിൽ മാറ്റം വരുത്താനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. ജാനകി എന്ന പേരിൽ നിന്ദാപരമായ എന്താണുള്ളത്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? കോടതി ചോദിച്ചു.

Signature-ad

എന്നാൽ നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് ‘ജാനകി’ എന്ന കഥാപാത്രമെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ‘ജാനകി’ എന്ന കഥാപാത്രം സിനിമയിൽ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കിൽ എതിർപ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ് ജാനകി എന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് കൃത്യമായ മറുപടി സത്യവാങ്മൂലമായി നൽകാൻ കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടത്.

അതേസമയം ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്. എന്നാൽ പേരുമായി ബന്ധപ്പെട്ട പ്രശ്നം കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: