
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പനയ്ക്കപാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയിരുന്നതായും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലും ആയിരുന്നുവത്രേ. മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. മരുന്ന് കുത്തി വയ്ക്കാനാണ് ഈ സിറിഞ്ച് ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.
വിഷ്ണുവിന്റെയും രശ്മിയുടെയും മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷേ കാരണം വ്യക്തമായിട്ടില്ല. ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രാമപുരം സ്വദേശിയായ രശ്മി(32). മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായർ (36) കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. ദമ്പതികൾ 6 മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിൽ എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ സണ്‍റൈസ് ആശുപത്രിയില്‍ നിന്നും രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. തുടർന്ന്, ആശുപത്രി അധികൃതർ ഈരാറ്റുപേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടോ എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദ സതിമാർ ജീവനൊടുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ അടുത്തിടെ വർദ്ധിച്ചു വരുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബർ: Toll free helpline number: 1056, 0471-2552056)