‘ഖമേനിയെ ജനങ്ങള്‍ പുറത്താക്കണം; വെടിനിര്‍ത്തല്‍ ആണവ മുക്ത ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ചുവടുവയ്പായി ജനം കാണണം; ലിംഗനീതിയും ഇറാനിയന്‍ ദേശീയതയ്ക്കു സ്വയംഭരണ അവകാശവും വരട്ടെ’; ഇസ്ലാമിക ഭരണകൂടത്തെ കടന്നാക്രമിച്ച് വിമത സംഘടനാ നേതാവ് മറിയം രാജാവി
ഇറാനിയന്‍ മൊണാര്‍ക്കിയുടെ അവസാന അവകാശി, രാജ്യത്തു സമാധാനം കൊണ്ടുവരണമെന്നും ഭരണകൂട മാറ്റമുണ്ടാകണമെന്നും പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറിയത്തിന്റെ പ്രതികരണം

പാരീസ്: അയൊത്തൊള്ള ഖമേനിയെ ജനങ്ങള്‍ പുറത്താക്കണമെന്ന ആഹ്വാനവുമായി പാരീസ് ആസ്ഥാനമായുള്ള ഇറാനിയന്‍ വിമത സംഘത്തിന്റെ നേതാവ്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറിയം രാജാവി ആഹ്വാനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് ഓഫ് ഇറാന്റെ (എന്‍സിആര്‍ഐ) തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണു മറിയം. ഇറാനിയന്‍ മൊണാര്‍ക്കിയുടെ അവസാന അവകാശി, രാജ്യത്തു സമാധാനം കൊണ്ടുവരണമെന്നും ഭരണകൂട മാറ്റമുണ്ടാകണമെന്നും പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറിയത്തിന്റെ പ്രതികരണം.

വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ സൈന്യത്തോട് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഉത്തരവിടുന്നതിനു തൊട്ടുമുമ്പാണ് പ്രതികരണം പുറത്തുവന്നത്. യുദ്ധമോ പ്രീണനമോ അല്ലാത്ത മൂന്നാമത്തെ മാര്‍ഗമായ ഭരണമാറ്റത്തിലേക്കുള്ള ചുവടുവയ്പായി വേണം വെടിനിര്‍ത്തലിനെ കാണാനെന്നും അവര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിധി നിശ്ചയിച്ച പോരാട്ടത്തിനൊടുവില്‍ ഇറാനിലെ ജനങ്ങള്‍ ഖമേനിയെയും സ്വേച്ഛാധിപത്യത്തെയും താഴെയിറക്കട്ടെ. ആണവമുക്തമായ ജനാധിപത്യ റിപ്പബ്ലിക്കാണു നമുക്കു വേണ്ടത്. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം വിഛേദിക്കട്ടെ. ലിംഗനീതിയും തുല്യതയും ഇറാന്‍ ദേശീയതയ്ക്കു സ്വയംഭരണാവകാശം കൈവരട്ടെ- അവര്‍ കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടു നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തില്‍ ജീവനുകള്‍ വിലനല്‍കി ഇറാനിലെ ജനങ്ങള്‍ ഷായുടെയും ഷെയ്ഖിന്റെയും സ്വേച്ഛാധിപത്യങ്ങളെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നും മറിയം പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിനു പിന്നാലെ ഇറാന്റെ പൗരോഹിത്യ ഭരണാധികാരം അട്ടിമറിക്കപ്പെടുമെന്നു കരുതിയെങ്കിലും ആണവ പദ്ധതി മാത്രം നശിപ്പിക്കുന്നതാണു ലക്ഷ്യമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറിയത്തിന്റെ പ്രസ്താവനയോട് ഇറാനിയന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നും ടെഹ്‌റാന്‍ അറിയിച്ചു.
ഠ ഇറാനില്‍ നിരോധനം
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍സിആര്‍ഐയ്ക്കു മുജാഹിദീന്‍-ഇ-ഖല്‍ഖ് (എംഇകെ) എന്ന പേര്‍ഷ്യന്‍ നാമംകൂടിയുണ്ട്. 2012 വരെ സംഘടനയെ തീവ്രവാദികളെന്നായിരുന്നു അമേരിക്കയും യൂറോപ്യന്‍ യൂണിയനും വിശേഷിപ്പിച്ചിരുന്നത്. ഇറാനുള്ളിലെ അതിന്റെ പിന്തുണയെയും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതും വിമര്‍ശകര്‍ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഖമേനിക്കെതിരേ അണികളെ രംഗത്തിറക്കാന്‍ കഴിയുന്ന ചുരുക്കം ചില പ്രതിപക്ഷ ഗ്രൂപ്പുകളിലൊന്നായിട്ടാണ് സംഘടനയെ ഇപ്പോള്‍ കണക്കാക്കുന്നത്.
എന്നാല്‍, ഇറാനിയന്‍ പൗരോഹിത്യ സര്‍ക്കാരിനോടുള്ള എതിര്‍പ്പ് ഭിന്നിച്ചു നില്‍ക്കുന്നതാണ് വിമത സംഘടനകള്‍ക്കു മുന്നിലുള്ള പ്രതിസന്ധി. എല്ലാവരും അംഗീകരിക്കുന്ന നേതാവും അവര്‍ക്കില്ല. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഏതൊരു നീക്കത്തിനും ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. അത്തരമൊരു പ്രക്ഷോഭം സാധ്യമാണെന്നോ ആസന്നമാണെന്നോ എന്നതു ചര്‍ച്ചാ വിഷയമാണെന്നാണു രാഷ്ട്രീയ വിദഗ്ധരും പറയുന്നത്.
ഇസ്രയേലിന്റെ വ്യോമയുദ്ധം നടക്കുന്ന സമയത്ത് എന്‍സിആര്‍ഐ പിന്നണിയില്‍തന്നെയാണു തുടര്‍ന്നത്. വിദേശയുദ്ധത്തെ പരസ്യമായി പിന്തുണയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചതിനാല്‍ വളരെക്കുറച്ചു ചര്‍ച്ചകള്‍ മാത്രമാണ് ഇവര്‍ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത്. മുജാഹിദീന്‍-ഇ-ഖല്‍ഖ് 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ പൗരോഹിത്യത്തിന് ഒപ്പമായിരുന്നെങ്കിലും പിന്നീട് ഇവരില്‍നിന്ന് അകന്നു. 1980കളില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തിലും ഇവര്‍ പൗരോഹിത്യത്തിനൊപ്പമായിരുന്നു.