അമേരിക്കന്‍ ആക്രമണം ഇറാന്‍ ചോര്‍ത്തിയോ? അന്വേഷണം ആരംഭിച്ച് എഫ്ബിഐ; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ വിജയകരമല്ലെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; ആണവ നിലയം സജീവമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ട്രംപിന്റെ ടീമില്‍ വിള്ളല്‍; വീണ്ടും ആക്രമിക്കുമെന്നും സംശയം; ഉപഗ്രഹ നിരീക്ഷണം ശക്തമാക്കി
അതുവരെ കരുതിയിരുന്നതില്‍നിന്ന് വളരെയധികം ആഴത്തിലാണ് ഇറാന്റെ ആണവ നിലയങ്ങളെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഏറ്റവും ശക്തിയേറിയ ബങ്കര്‍ ബസ്റ്ററുകള്‍ക്കുപോലും ഇവിടെവരെ തുരന്നെത്താന്‍ കഴിഞ്ഞില്ല

ന്യൂയോര്‍ക്ക്: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണമെന്ന രണ്ടാം ലോക മഹായുദ്ധം അവസാനിപ്പച്ചതിനു സമാനമെന്നാണു ട്രംപ് വിശേഷിപ്പിച്ചതെങ്കിലും ആക്രമണം നൂറുശതമാനം വിജയകരമല്ലെന്നു സൂചന നല്‍കി യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) റിപ്പോര്‍ട്ട്. ആക്രമണത്തിനു തൊട്ടുമുമ്പ് ഇറാന്‍ ന്യൂക്ലിയര്‍ സൈറ്റില്‍നിന്ന് യുറേനിയം നീക്കിയെന്നാണു വിവരം. നതാന്‍സിലും ഫോര്‍ദോയിലും ഇസ്ഫഹാനിലും അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ അണുബോംബ് പദ്ധതിയെ ഏതാനും മാസം മാത്രം വൈകിപ്പിക്കാന്‍ ഉതകുന്നതു മാത്രമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഏറ്റവും കൃത്യമായി ലക്ഷ്യം ഭേദിച്ചെങ്കിലും അതു യുറേനിയം സമ്പുഷ്ടീകരണത്തെ പൂര്‍ണമായും തുടച്ചുനീക്കിയിട്ടില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇതിനു പിന്നാലെയാണ് ലോകം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്ന ചോദ്യം ഉയരുന്നത്: ‘അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമോ?’ ആഗോള സുരക്ഷയെ പരിഗണിക്കുമ്പോള്‍ അത് എന്താണ് അര്‍ഥമാക്കുന്നത്?
We wonder how many Americans lost their healthcare and homes to fund this pathetic circus. pic.twitter.com/6W56DqYWub
— Daily Iran Military (@IRIran_Military) June 24, 2025

ഠ എവിടെയാണ് പിഴച്ചത്?
അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ട്രംപ് അദ്ദേഹത്തിന്റെ സ്വന്തം സോഷ്യല്‍ മീഡിയയായ ‘ട്രൂത്ത് സോഷ്യ’ലില്‍ ഗംഭീര വിജയമെന്നാണു കുറിച്ചത്. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിലൂടെ 14 ജിബിയു -57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും അന്തര്‍ വാഹിനികളില്‍നിന്നു ടോമാഹാക്ക് ക്രൂയിസ് മിസൈലുകളുമാണ് വര്‍ഷിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവന്ന ഡിഐഎ റിപ്പോര്‍ട്ട് ട്രംപിന്റെ അവകാശത്തെ നൂറുശതമാനം സാധൂകരിക്കുന്നില്ല.
റോയിട്ടേഴ്‌സ് ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ദിവസങ്ങള്‍ക്കുമുമ്പേ ഇറാന്‍ ആണവകേന്ദ്രം ഒഴിപ്പിച്ചെന്നു ചൂണ്ടിക്കാട്ടുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള നിര്‍ണായക ഉപകരണങ്ങള്‍ വെള്ളിയാഴ്ചയോടെ ഇറാന്‍ നീക്കിയെന്ന് ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയും ചൂണ്ടിക്കാട്ടി. ഇറാന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നെന്നും അവരുടെ ‘ആസ്തി’കള്‍ സംരക്ഷിക്കാന്‍ അതിവേഗം നീങ്ങിയെന്നുമാണ് ഇതു വ്യക്തമാക്കുന്നത്.
അതുവരെ കരുതിയിരുന്നതില്‍നിന്ന് വളരെയധികം ആഴത്തിലാണ് ഇറാന്റെ ആണവ നിലയങ്ങളെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഏറ്റവും ശക്തിയേറിയ ബങ്കര്‍ ബസ്റ്ററുകള്‍ക്കുപോലും ഇവിടെവരെ തുരന്നെത്താന്‍ കഴിഞ്ഞില്ല. യുറേനിയം സംരക്ഷിക്കാന്‍ കഴിഞ്ഞെന്നും ഇറാന്‍ ഇപ്പോള്‍തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെന്നും പറയുന്നു.
ഠ ഇറാനെ വീണ്ടും ആക്രമിക്കുമോ?
ഇതൊരു വലിയ ചോദ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. അമേരിക്കയുടെ അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ഇത്തരമൊരു ചര്‍ച്ച സജീവമാണെന്നാണ് ഒന്നിലേറെ പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സൈനികവൃത്തങ്ങളില്‍നിന്നുള്ളവരും ഇത്തരമൊരു സൂചനയാണു നല്‍കുന്നത്. ഇറാന്റെ ആണവ ‘കഴിവു’കളെ ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ ആദ്യ ലക്ഷ്യമെങ്കില്‍ അതില്‍ നിലവില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇറാന്റെ ആകാശത്ത് ഡ്രോണുപയോഗിച്ചും സാറ്റലൈറ്റുകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഷിംഗ്ടണ്‍ ന്യൂക്ലിയര്‍ പദ്ധതി പുനരാരംഭിക്കുന്നുണ്ടോ എന്നതു സൂഷ്മമായി നിരീക്ഷിക്കുകയാണ് എന്നതാണിതു വ്യക്തമാക്കുന്നത്.
അപ്പോഴും വീണ്ടുമൊരു ആക്രമണമെന്നത് അങ്ങേയറ്റം അപകടകരമാണ്. ഇനിയൊരു ആക്രമണമുണ്ടായാല്‍ സര്‍വ ശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഇറാഖിലെ അമേരിക്കന്‍ സൈന്യത്തെയും ഹോര്‍മൂസ് കടലിടുക്കിലെ എണ്ണക്കപ്പലുകളെയും ആക്രമിച്ചേക്കുമെന്നും സൂചനയുണ്ട്. ഹോര്‍മൂസ് കടലിടുക്കിലൂടെയാണ് ലോകത്തിന്റെ 20 ശതമാനം എണ്ണ നീക്കവും നടക്കുന്നത്.
ഠ ഇറാന്റെ പ്രതികരണം
അമേരിക്കയുടെ ആക്രമണത്തില്‍ ചെറിയ കേടുപാടുകള്‍ മാത്രമാണു ന്യൂക്ലിയര്‍ സംവിധാനങ്ങളില്‍ ഉണ്ടാക്കിയതെന്നാണ് ഇറാന്റെ പ്രതികരണം. ആണവ സമ്പുഷ്ടീകരണം ഉടന്‍ പുനരാരംഭിക്കും. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍നിന്നു പിന്‍മാറുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് ഇറാനിയന്‍ പാര്‍ലമെന്റ് അനുമതിയും നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ ടെലിവിഷന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ അനുസരിച്ച് ടെക്‌നീഷ്യന്‍മാര്‍ നതാന്‍സ് ആണവനിലയത്തില്‍ തിരിച്ചെത്തുന്നതും ജോലികള്‍ ആരംഭിച്ചതും വ്യക്തമാണ്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഠ വിദേശനയത്തെ ബാധിക്കുമോ?
ട്രംപിന്റെ വിദേശകാര്യ നയ സംഘത്തിന് സംഘര്‍ഷം വലിയ തലവേദനയായിട്ടുണ്ടെന്നാണു ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്കിടയില്‍തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. കടുത്ത നിലപാടുകാര്‍ വീണ്ടുമൊരു ആക്രമണം നടത്തി ജോലി തീര്‍ക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സൈനിക നീക്കം മേഖലയെ ആകെ യുദ്ധത്തിലേക്കു തള്ളിവിടുമെന്നു മുന്നറിയിപ്പു നല്‍കുന്നു. ആദ്യ നീക്കം വേണ്ടത്ര തയാറെടുപ്പുകള്‍ ഇല്ലാത്തതും ആലോചിക്കാതെയുള്ള നടപടിയുമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നയതന്ത്രമാണ് മികച്ച മാര്‍മമെന്നു മറ്റൊരു വിഭാഗവും വിലയിരുത്തുന്നു.
ഠ ട്രംപിനു നിര്‍ണായകം
അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി നല്ല ബന്ധത്തിലല്ല ട്രംപ്. അതുകൊണ്ടുതന്നെ വിജയം നിര്‍ണായകവുമാണ്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ പോളിസിക്കു ചേര്‍ന്നതല്ല ട്രംപിന്റെ നീക്കമെന്നും വിദേശ രാജ്യങ്ങളുമായി സംഘര്‍ഷത്തിനില്ലെ നിലപാടുകള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കാന്‍ പാടില്ലെന്നും ഇതു തടയേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞാണു ട്രംപ് പ്രതിരോധം തീര്‍ക്കുന്നത്. സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഡിഫെന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തും ഡിഐഎ റിപ്പോര്‍ട്ട് പൂര്‍ണമായും വിശ്വസിക്കാന്‍ തയാറായിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയെന്നായിരുന്നു ഇവര്‍ വിശേഷിപ്പിച്ചത്. ആക്രമണത്തെക്കുറിച്ചുള്ള വിവരം ചോര്‍ന്നിട്ടുണ്ടോയെന്ന് എഫ്ബിഐയും അന്വേഷിക്കുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍ക്കു തിരിച്ചടിയുണ്ടായെന്ന ഇസ്രയേല്‍ ആറ്റോമിക് കമ്മീഷന്റെ പ്രസ്താവനയെയും ട്രംപ് കൂട്ടുപിടിക്കുന്നു. ഇറാന്‍ ഒരിക്കലും ‘ന്യൂക്ലിയര്‍ ബിസിനസി’ലേക്കു തിരിച്ചു പോകില്ലെന്നാണു കരുതുന്നതെന്നും ട്രംപ് പറയുന്നു.