പൗരസ്വാതന്ത്ര്യങ്ങളെ കാറ്റില്‍പ്പറത്തി, സമരങ്ങളെ കിരാതമായി അടിച്ചമര്‍ത്തി; അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷം

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റില്‍പ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഇന്നേയ്ക്ക്, 50 വര്‍ഷം മുമ്പ് മറ്റൊരു ജൂണ്‍ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്.
എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോണ്‍ഗ്രസ് നേതാവുമായ ദേവ് കാന്ത് ബറുവ ‘ഇന്ത്യ എന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ ആഭ്യന്തരവരുമാനം കുറച്ചു. വരള്‍ച്ചയും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ദിരയ്‌ക്കെതിരെ സമരങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ സമരങ്ങളെ കിരാതമായി അടിച്ചമര്‍ത്തിത്തുടങ്ങി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായണ്‍ സമ്പൂര്‍ണ വിപ്ലവം പ്രഖ്യാപിച്ചു.

1971 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്ന കേസില്‍, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂണ്‍ 12-ന് വിധിച്ചു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കി. അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും സോപാധിക സ്റ്റേ അനുവദിച്ചു.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വെക്കേഷന്‍ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്, ചരിത്രവിധിയുടെ പതിമൂന്നാം നാള്‍, 1975 ജൂണ്‍ 25 -ന് ദല്‍ഹി രാംലീലാ മൈതാനിയില്‍ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഗമം. അന്ന് അര്‍ദ്ധരാത്രി ഇന്ദിരാ ഗാന്ധിയുടെ ശിപാര്‍ശയില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ഉത്തരവെത്തി- ‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
പിന്നീടുണ്ടായത് ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകള്‍. നേതാക്കള്‍ ജയിലിലായി. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി നിയമപരമായ ഉത്തരവാദിത്തമില്ലാതെ അധികാരപ്രയോഗം നടത്തി. നിര്‍ബന്ധിത വന്ധ്യംകരണങ്ങള്‍, ചേരി ഒഴിപ്പിക്കലുകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍. 21 മാസങ്ങള്‍ക്കുശേഷം 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിക്ക് വിജയം. അടിച്ചമര്‍ത്തലിന് എതിരെയുള്ള ജനവികാരം ഇന്ദിരയ്‌ക്കെതിരായ വോട്ടായി മാറി. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ 1977 മാര്‍ച്ച് 24ന് ജനതാപാര്‍ട്ടി അധികാരത്തിലേറി.