കോഴിക്കോട്ട് വ്യോമ പ്രതിരോധകേന്ദ്രം, മിസൈല്‍ പ്രതിരോധമടക്കം സംവിധാനം; 40 ഏക്കര്‍ കൈമാറാന്‍ നടപടി

തിരുവനന്തപുരം: മിസൈല്‍ പ്രതിരോധത്തിനുള്ള എയര്‍ ഡിഫന്‍സ് റഡാര്‍ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാന്‍ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജില്‍ റീസര്‍വേ 13/1 എയില്‍പ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കര്‍ കൈമാറാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രതിരോധ വകുപ്പിന്റെ ‘നിര്‍ദ്ദേശ്’ എന്ന പദ്ധതിക്കായി 2010 ല്‍ കൈമാറിയ ഭൂമിയില്‍ ശേഷിക്കുന്നതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നത്. ഇപ്പോള്‍ നിര്‍ദ്ദേശിന്റെ ഓഫീസ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
എയര്‍ഫോഴ്‌സ് കമാന്‍ഡിംഗ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച് കളക്ടറുടെ ശുപാര്‍ശ പ്രകാരമാണ് ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ മുന്‍നിറുത്തി ഇവിടെ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളവും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളുടെ മിസൈല്‍ ഭീഷണി പരിധിക്കുള്ളിലാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്.

തെക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്ക്
1.സമീപകാലത്ത് ശ്രീലങ്കയിലും മാലിദ്വീപിലും ചൈന നടത്തുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വ്യോമപ്രതിരോധം കേരളത്തില്‍ ശക്തമാക്കാന്‍ വ്യോമസേന തീരുമാനിച്ചത്
2.ശ്രീലങ്കയില്‍ ചൈനയുടെ നേതൃത്വത്തില്‍ വലിയ തുറമുഖത്തിന്റെ നിര്‍മ്മാണം അതിവേഗം നടക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളെ മിസൈല്‍ വിക്ഷേപണ പരിധിയില്‍ കൊണ്ടുവരുന്നതിന് ചൈനയ്ക്ക് സാദ്ധ്യമാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള സംവിധാനമാണ് കോഴിക്കോട്ട് സ്ഥാപിക്കുന്നത്.
3.റഷ്യന്‍ നിര്‍മ്മിതമായ എസ് 400, ഇന്ത്യന്‍ നിര്‍മ്മിതമായ ആകാശ് മിസൈലുകളുള്‍പ്പെടെ വലിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നമുക്കുണ്ട്. ഇതിനുള്ള സ്റ്റേഷനുകളും പല കേന്ദ്രങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയൊരു കേന്ദ്രം കൂടി തുടങ്ങാന്‍ ആലോചിക്കുന്നത്.