
ആലപ്പുഴ: അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പരിപാടിയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് ക്ഷണമില്ല. ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍, ആര്‍ നാസര്‍, അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം എന്നിവര്‍ക്കാണ് ക്ഷണമുള്ളത്.
പാര്‍ട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന. സുധാകരനൊപ്പം ജില്ലയിലെത്തന്നെ മറ്റൊരു നേതാവായ എസ് രാമചന്ദ്രന്‍ പിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലാക്കപ്പെട്ടിരുന്നു. അദ്ദേഹവും പരിപാടിക്കില്ല.

സമീപകാലത്തായി പാര്‍ട്ടിക്ക് തലവേദനയായ നിരവധി പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സുധാകരനെതിരെ പൊലീസ് കേസെടുത്തിരുന്നു. സുധാകരനെതിരെ പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
സുധാകരന്റെ എസ്എഫ്‌ഐക്കെതിരായ വിമര്‍ശന കവിത, പ്രായപരിധി ഇളവിലെ വിവാദപരാമര്‍ശങ്ങള്‍ എന്നിവയും പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏറ്റവുമൊടുവില്‍ സിപിഎം എംഎല്‍എമാരായ ജനീഷ്‌കുമാറിനെതിരെയും എച്ച് സലാമിനെതിരെയും സുധാകരന്‍ രംഗത്തുവന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.