Breaking NewsCrimeLead NewsNEWS

ലാബിലെ ലൈംഗിക അതിക്രമം വീട്ടില്‍ അറിയിച്ചിട്ടും താക്കീത് മാത്രം; മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും അശ്ലീല വീഡിയോകള്‍ അയച്ചും പ്രലോഭനം; സഹികെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ടീച്ചറോട് പറഞ്ഞതോടെ നടപടി; പോക്സോ കേസില്‍  ലാബ് ഉടമ അറസ്റ്റില്‍; വിവരം മറച്ചുവച്ച മാതാപിതാക്കളും കേസില്‍ പ്രതികള്‍

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ലാബ് ഉടമ അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുകയും ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ചുകൊടുക്കുകയും ചെയ്ത കേസിലാണ് ഒന്നാം പ്രതിയായ ലാബ് ഉടമയെ പോലീസ് പിടികൂടിയത്. കൈപ്പട്ടൂരിലെ ആസ്റ്റര്‍ ലാബിന്റെ ഉടമയായ ഓമല്ലൂര്‍ ആറ്റരികം ചെറിയമംഗലത്ത് അജിത് സി. കോശി (57) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ കുട്ടിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടില്‍ ജോലിയുണ്ട്, പിതാവ് വിദേശത്താണ്. പ്രതി അതിക്രമം കാണിച്ചത് സംബന്ധിച്ച് വിവരം വീട്ടില്‍ അറിയിച്ചിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ വിഷയം മറച്ചുവച്ചതിന് മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഴിഞ്ഞ 17 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Signature-ad

ലാബില്‍ വച്ച് കുട്ടിയുടെ ദേഹത്ത് പ്രതി കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാണിച്ച വിവരം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ഇയാളെ താക്കീത് ചെയ്തു. മേലില്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു നല്‍കിയ പ്രതി പിന്നീട് മാതാപിതാക്കളുടെ അറിവോടെ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തു. തുടര്‍ന്ന്, ഇതേ ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയക്കാന്‍ തുടങ്ങി. വീഡിയോ കാളിലൂടെ സംസാരിക്കുകയും ശബ്ദസന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ഇക്കാര്യവും പെണ്‍കുട്ടി അമ്മയോട് പറഞ്ഞുവെങ്കിലും, പോലീസിലോ മറ്റോ അറിയിക്കാതെ മറച്ചു വച്ച് വീണ്ടും ഇയാളെ താക്കീത് ചെയ്യുകയായിരുന്നു.

പ്രതി തുടര്‍ന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരം 19 ന് ക്ലാസ് ടീച്ചറെ കുട്ടി അറിയിച്ചു. ക്ലാസ് ടീച്ചര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ വണ്‍ സ്റ്റോപ്പ് സഖി സെന്ററില്‍ എത്തിക്കുകയും അവിടെ നിന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും ഐ ടി നിയമമനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ്. ഐ കെ ആര്‍ രാജേഷ് കുമാര്‍ ആണ് കേസെടുത്തത്.

കേസില്‍ അജിത് കോശി ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയും അച്ഛനും യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. പ്രതിയുടെ ഫോണ്‍ വിളി വിവരങ്ങളും ലൊക്കേഷനും ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയപ്പോള്‍ തിരുവനന്തപുരത്തുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുരയില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ മൊഴി ജെഎഫ്എം കോടതിയില്‍ രേഖപ്പെടുത്തി.

 

Back to top button
error: