ലോഡ്ജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു; നിലമ്പൂരിലെത്തിയത് ‘തോക്കുസ്വാമി’ക്കൊപ്പം; സംഭവം നിലമ്പൂര്‍ ഫലപ്രഖ്യാപനത്തിന്റെ തലേന്ന്

മലപ്പുറം: നിലമ്പൂര്‍ വോട്ടെണ്ണലിന്റെ തലേന്ന് യുവാവ് ലോഡ്ജ് കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. വികെ റോഡില്‍ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്നു താഴെവീണ്, പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പില്‍ അജയ്കുമാര്‍ (26) ആണ് മരിച്ചത്. മൈസൂരുവില്‍ ബിബിഎ വിദ്യാര്‍ഥിയാണ്. പൊലീസ് പറയുന്നത്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൈസൂരുവില്‍നിന്ന് അജയ്യും മൂന്നു സുഹൃത്തുക്കളും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവല്‍ ഭദ്രാനന്ദയ്ക്കാെപ്പം (തോക്കുസ്വാമി) 20നു നിലമ്പൂരിലെത്തി. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവര്‍ വണ്ടൂരിലും മുറിയെടുത്തു. 21 ന് അജയ്യും കൂട്ടുകാരും ഭദ്രാനന്ദയ്‌ക്കൊപ്പം ചേര്‍ന്നു.
അന്നു രാത്രി 11.45ന് ലോഡ്ജിന്റെ മൂന്നാം നിലയിലെ ഇടനാഴിയില്‍നിന്ന് അജയിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു ഭദ്രാനന്ദയുടെ മുറിയിലാക്കുന്നതു ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്തു ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്നു പറയുന്നു. സുഹൃത്തുക്കള്‍ വണ്ടൂരിലേക്കു തിരിച്ചുപോയി. പിന്നാലെ, പുലര്‍ച്ചെ രണ്ടോടെയാണു മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണത്. ലോഡ്ജിലെ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പൊലീസ് എത്തി വിളിച്ചുണര്‍ത്തിയപ്പാേഴാണു ഭദ്രാനന്ദ അപകടവിവരം അറിയുന്നതെന്നു പറയുന്നു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഭദ്രാനന്ദയുടെ മൊഴി രേഖപ്പെടുത്തി. എസ്‌ഐ: കെ.രതീഷ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. വലിയവളപ്പില്‍ ദിനേശന്‍ ആണ് അജയ്കുമാറിന്റെ പിതാവ്. മാതാവ്: ഷീബ. സഹോദരന്‍: അര്‍ജുന്‍.