കുവൈത്തിലെ ദുരിതപര്‍വം താണ്ടി അമ്മയെത്തി; ഷാനറ്റ് ഇന്ന് യാത്രയാകും, മടക്കമില്ലാ യാത്രയ്ക്കായി…
കുമളി: കുവൈത്തിലെ ദുരിതപര്‍വം താണ്ടി നാടണഞ്ഞപ്പോള്‍ ജിനു ആശ്വസിച്ചുകാണും. പൊന്നുമക്കളെ പെട്ടെന്ന് കാണാന്‍ അത്രയധികം ആഗ്രഹിച്ചും കാണും. എന്നാല്‍, ആ അമ്മ കേട്ടത് മകന്റെ വിയോഗവാര്‍ത്ത.
കുവൈത്തില്‍ തൊഴില്‍ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്, ഒരാഴ്ച മുന്‍പ് മകന്‍ ഷാനറ്റ് ബൈക്ക് അപകടത്തില്‍ മരിച്ചത് ജിനു അറിഞ്ഞത്. മകന്റെ വിയോഗവാര്‍ത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരഞ്ഞു. കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല.

രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടില്‍ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളുംമൂലം തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കുശേഷം തടങ്കലിലായിരുന്നു.
ജൂണ്‍ 17-ന് ജിനുവിന്റെ മകന്‍ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തില്‍ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്‌കാരം നടന്നു. എന്നാല്‍, അമ്മ എത്താത്തതിനാല്‍ ഷാനറ്റിന്റെ സംസ്‌കാരം നടത്താനായില്ല.
ഇതിനിടെ ജിനുവിന് താത്കാലിക പാസ്‌പോര്‍ട്ട് കിട്ടി. എന്നാല്‍, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകി. അതിനാല്‍ ഷാനറ്റിന്റെ സംസ്‌കാരവും നീണ്ടു പോകുകയായിരുന്നു. വിവിധ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ടതോടെയാണ് തിങ്കളാഴ്ച നാട്ടിലെത്താനായത്.
പ്രിയപ്പെട്ട മക്കള്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യം വിശ്വസിക്കാനാകാതെ സങ്കടം കടിച്ചമര്‍ത്തി വീട്ടുമുറ്റത്ത് തളര്‍ന്നിരുന്ന ഷാനറ്റിന്റെ അച്ഛന്‍ വെള്ളറയില്‍ ഷൈജുവും അലന്റെ അച്ഛന്‍ ഷിബുവും എല്ലാവര്‍ക്കും നൊമ്പരമായി. ഷാനറ്റിന്റെ മൃതദേഹം കട്ടപ്പനയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിക്കും. സംസ്‌കാരം നാലിന് ഒലിവുമല സെയ്ന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.